എഡിറ്റര്‍
എഡിറ്റര്‍
ഡി.എം.കെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് അഴഗിരി പുറത്ത്, രാജയും ദയാനിധി മാരനും മത്സരിക്കും
എഡിറ്റര്‍
Tuesday 11th March 2014 7:20am

dmk-candidate-list

ചെന്നൈ: കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ അഴഗിരിയെ ഉള്‍പ്പെടുത്താതെ ഡി.എം.കെയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

അതേ സമയം 2ജി സ്‌പെക്ട്രം കേസില്‍ ആരോപണ വിധേയനായ എ. രാജയും ദയാനിധി മാരനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റിംഗ് എം.പിമാരായ രാജ നീലഗിരിയിലും ദയാനിധി മാരന്‍ സെന്‍ട്രല്‍ ചെന്നൈയിലുമായിരിക്കും ഇത്തവണ മത്സരിക്കുക.

രാജയ്ക്കും ദയാനിധി മാരനുമെതിരെ എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ദുര്‍ബലമാണെന്ന് പറഞ്ഞാണ് ഡി.എം.കെ നേതാവ് കരുണാനിധി ഇരുവരെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

അതേ സമയം സ്റ്റാലിന്‍, കനിമൊഴി, ജനറല്‍ സെക്രട്ടറി അന്‍പഴകന്‍ എന്നിവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇനിയും മാറ്റം വരുത്താമെന്നാണ് കരുണാനിധി പ്രഖ്യാപിച്ചത്.

പുതുച്ചേരി ഉള്‍പ്പെടെ 35 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഡി.എം.കെ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന നാല് സീറ്റുകള്‍ ഘടകകക്ഷിക്കള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.

അച്ചടക്കലംഘനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അഴഗിരിയെ കൂടാതെ അദ്ദേഹത്തിന്റെ അനുയായികളും സിറ്റിങ് എം.പിമാരുമായ നെപ്പോളിയന്‍, ജെ.കെ റിതീഷ്, എന്നിവര്‍ക്കും സീറ്റ് നിഷേധിച്ചിട്ടുണ്ട്.

മധുര മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ അഴഗിരിയെ ജനുവരിയിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Advertisement