എഡിറ്റര്‍
എഡിറ്റര്‍
ഡി.എം.കെയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായി: അഴഗിരി
എഡിറ്റര്‍
Saturday 25th January 2014 8:42pm

azhagiri-issue

ചെന്നൈ: ഡി.എം.കെയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായതായി മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനുമായ അഴഗിരി ആരോപിച്ചു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അഴഗിരിയുടെ പ്രസ്താവന.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിച്ചതടക്കമുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് കരുണാനിധിയുടെ മൂത്തമകനായ അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്.

തന്റെ സഹോദരനായ സ്റ്റാലിനെ പാര്‍ട്ടിയുടെ ഭാവി നേതാവായും മുഖ്യമന്ത്രിയായും വിശേഷിപ്പിച്ച്  മുമ്പ് പോസ്റ്ററുകള്‍ പ്രചരിപ്പിച്ചപ്പോള്‍ പാര്‍ട്ടി നടപടിയെടുത്തില്ലെന്നും അതിനാല്‍ പാര്‍ട്ടിയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അഴഗിരി ആരോപിക്കുന്നു.

ഡി.എം.കെയെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കില്ലെന്നും അല്ലാതെ തന്നെ പാര്‍ട്ടിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അഴഗിരി പറഞ്ഞു.

അഴഗിരിയെ പുറത്താക്കിയ നടപടി ഡി.എം.കെയെ തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് കരുണാനിധിയും വ്യക്തമാക്കി. പാര്‍ട്ടിയുടെ ദക്ഷിണമേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറിയുടെ പദവിയായിരുന്നു അഴഗിരിയുടേത്.

അഴഗിരിക്ക് വേണ്ടിയുണ്ടാക്കിയ പദവിയായിരുന്നു അത്. അതിനാല്‍ പകരം ആരെയും ഈ പദവിയിലേക്ക് നിയോഗിക്കില്ലെന്നും കരുണാനിധി വ്യക്തമാക്കി.

Advertisement