എഡിറ്റര്‍
എഡിറ്റര്‍
ഡി.എല്‍.എഫിന്റെ വിശദീകരണം പച്ചക്കള്ളം: കെജ്‌രിവാള്‍
എഡിറ്റര്‍
Sunday 7th October 2012 9:30am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഡി.എല്‍.എഫ് നല്‍കിയ വിശദീകരണം പച്ചക്കള്ളമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. കമ്പനിയുടെ വിശദീകരണം മുഴുവന്‍ നുണകളും അര്‍ധ സത്യങ്ങളുമാണുള്ളത്. കമ്പനിയുടെ വിശദീകരണത്തെ കുറിച്ച് തിങ്കളാഴ്ച്ച കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

Ads By Google

ട്വിറ്ററിലൂടെയായിരുന്നു കെജ്‌രിവാള്‍ തന്റെ പ്രതികരണം അറിയിച്ചത്. വിഷയത്തില്‍ ഡി.എല്‍.എഫിന്റെ നിലപാട് തന്നെയാണോ വധേരയ്‌ക്കെന്നും കെജ്‌രിവാള്‍ ചോദിച്ചു.

സോണിയാഗാന്ധിയുടെ മരുമകനായതുകൊണ്ടാണ് താന്‍ വധേരയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന വിമര്‍ശനം കെജ്‌രിവാള്‍ നേരത്തെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷേധിച്ചിരുന്നു. വധേരയ്‌ക്കെതിരെ  ഉന്നയിച്ച ആരോപണം വ്യാജമാണെന്ന് തെളിയിച്ചാല്‍ മാനനഷ്ടക്കേസ് നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉപാധികളില്ലാതെ വധേരക്ക് പണം നല്‍കിയിട്ടില്ലെന്നും വധേരയുമായുള്ള എല്ലാ ഇടപാടുകളും സുതാര്യമാണെന്നുമാണ് ഡി.എല്‍.എഫ് കമ്പനി വ്യക്തമാക്കിയിരുന്നത്. കുറഞ്ഞ വിലയ്ക്ക് വധേരയ്ക്ക് ഫ്‌ളാറ്റുകളോ മറ്റ് സ്വത്തുക്കളോ നല്‍കിയിട്ടില്ലെന്നും കമ്പനിയുടെ വിശദീകരണ കുറിപ്പില്‍ പറഞ്ഞിരുന്നു.

ആരോപണങ്ങള്‍ക്കെതിരെ റോബര്‍ട്ട് വധേരയും ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞിരുന്നു. തന്നെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് നന്ദിയുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്കറിയാമെന്നുമാണ് വധേര ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisement