ന്യൂദല്‍ഹി: എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ പൈലറ്റായ തന്റെ ഭര്‍ത്താവില്‍ നിന്നും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്. എയര്‍ഹോസ്റ്റസിനെ വിവാഹം കഴിക്കാനായി ഭര്‍ത്താവ് തന്നെ ഒഴിവാക്കുകയാണെന്ന് പറഞ്ഞാണ് അഞ്ച് വയസുള്ള കുഞ്ഞിന്റെ അമ്മകൂടിയായ സുനിത ബീഗം മുന്നോട്ടുവന്നിരിക്കുന്നത്.

1999ലാണ് സുനിതയും മനോജ്കുമാറും വിവാഹിതരായത്. യാഥാസ്ഥിതിക മുസ്‌ലീം കുടുംബത്തില്‍ പിറന്ന സുനിത വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഹിന്ദുയുവാവായ മനോജിനൊപ്പം ജീവിക്കുകയായിരുന്നു.

ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്ന് കാണിച്ച് സുനിത ക്രിമിനല്‍ കേസ് കൊടുത്തിരിക്കുകയാണ്. എന്നാല്‍ മനോജ് പറയുന്നത് സുനിതയെ താന്‍ വിവാഹം കഴിച്ചിട്ടില്ലെങ്കിലും കുഞ്ഞിനെ താന്‍ സംരക്ഷിക്കുന്നുണ്ടെന്നാണ്.

എന്നാല്‍ തങ്ങള്‍ രണ്ടുതവണ വിവാഹിതരായെന്നാണ് സുനിത പറയുന്നത്. 1999ല്‍ പാലക്കാടുള്ള യക്കര ശിവ ക്ഷേത്രത്തില്‍വച്ചും 2001ല്‍ ഹിന്ദുമതത്തിലേക്ക് മാറിയശേഷം വഴമൂട്ടം ക്ഷേത്രത്തില്‍ വച്ചും തങ്ങള്‍ വിവാഹിതരായി. ഇത് തെളിയിക്കാന്‍ അമ്പലത്തിലെ രേഖകളും ഫോട്ടോകളും തന്റെ കൈവശമുണ്ടെന്നും സുനിത വ്യക്തമാക്കി. എന്നാല്‍ ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് മനോജ് പറയുന്നത്.

1997ല്‍ കേരള ഏവിയേഷന്‍ ട്രെയിനിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ‘വിവാഹശേഷം പാളയത്തുള്ള ഒരു ഹോസ്റ്റലിലാണ് എന്നെ കൊണ്ടുചെന്നാക്കിയത്. മനോജിന് ജോലിയില്ലാതിരുന്ന സമയത്ത് താന്‍ ട്യൂഷനെടുത്താണ് ജീവിക്കാനുള്ള പണം കണ്ടെത്തിയത്. പിന്നീട് 2006ല്‍ അദ്ദേഹം എയര്‍ ഇന്ത്യയില്‍ കോപൈലറ്റായി. സുനിത പറഞ്ഞു.

പിന്നീട് ഇരുവരും കൊണ്ടോട്ടിയില്‍ ഒരു ഫ് ളാറ്റിലേക്ക് മാറുകയായിരുന്നു. അവിടെ വച്ചാണ് കുഞ്ഞ് ജനിച്ചതെന്നും സുനിത പറഞ്ഞു. കുഞ്ഞിന് ഒരൂ വയസ് കഴിഞ്ഞശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഞങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ അദ്ദേഹം ഒരു എയര്‍ഹോസ്റ്റസിനെ കൂട്ടികൊണ്ടുവന്നു.’

പുതിയൊരാള്‍ വീട്ടിലേക്ക് വന്നതോടുകൂടി ഭര്‍ത്താവ് തന്നെ അവഗണിക്കുകയാണുണ്ടായതെന്നും സുനിത വ്യക്തമാക്കി.

Malayalam news

Kerala news in English