വികസനത്തില്‍ മോഡിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയിലേക്കുള്ള ദൂരമെത്ര
Daily News
വികസനത്തില്‍ മോഡിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയിലേക്കുള്ള ദൂരമെത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2013, 8:26 pm

എസ്സേയ്‌സ് / ഹരീഷ് വാസുദേവന്‍

നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്തുന്ന വികസന മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന, തങ്ങള്‍ക്ക് കഴിയാവുന്നത്ര നടപ്പാക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന മന്‍മോഹന്‍ സര്‍ക്കാരും കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും.[]

സാധാരണ മനുഷ്യരോടും ഭൂമിയോടും അതിലെ വിഭവങ്ങളോടും സാമ്രാജ്യത്വത്തോടും മുതലാളിമാരോടും നരേന്ദ്ര മോഡിയും ഉമ്മന്‍ചാണ്ടിയും ഏറിയും കുറഞ്ഞും പിന്തുടരുന്നത് ഒരേ നയവും നിലപാടുമാണ്.

എന്‍ഡോസള്‍ഫാന്‍ ഉത്പാദക കമ്പനികളുടെ ദല്ലാള്‍പ്പണിയെടുക്കുന്ന, കര്‍ഷകവിരുദ്ധ നയങ്ങള്‍ മാത്രം നടപ്പാക്കുന്ന കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിനെ കാണാന്‍ ഇടക്കിടെ കേരള മന്ത്രിമാര്‍ പോകുന്നതില്‍ അശ്ലീലമില്ലെങ്കില്‍, കേരള വികസന മോഡല്‍ നശിപ്പിക്കാന്‍ പരമാവധി പണിയെടുക്കുന്ന മന്‍മോഹനെ കണ്ട് നാണംകെട്ടു യാചിക്കാന്‍ പോകുന്നതില്‍ അശ്ലീലമില്ലെങ്കില്‍, മോഡിയെ ഷിബു ബേബിജോണ്‍ കാണാന്‍ പോകുന്നതിലും അന്യായമായി, അശ്ലീലമായി ഒന്നുമില്ല.

മോഡിക്കൊപ്പം റിസള്‍ട്ട് ഉണ്ടാക്കാന്‍ പറ്റുന്നില്ല എന്നല്ലാതെ, കുഞ്ഞാലിക്കുട്ടിയുടെ വ്യവസായ നയത്തില്‍ നിന്നും എന്ത് വ്യത്യാസമാണ് മോഡിയുടെ വ്യവസായ നയത്തില്‍ ഉള്ളത്? ഗുജറാത്തിലെ വ്യവസായ മലിനീകരണ കേന്ദ്രമായ വാപിയില്‍ നിന്നും ആലുവയിലെ എലൂരിലേക്കുള്ള ദൂരം മാപ്പില്‍ മാത്രമാണെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, നിക്ഷേപകരെ ചുവന്ന പരവതാനി വിരിച്ച് വിളിച്ചുവരുത്തി വാഗമണ്ണും നെല്ലിയാമ്പതിയും വില്‍പ്പനക്ക് വെക്കുമ്പോള്‍  കേരളത്തിന്റെ വ്യവസായനയം എങ്ങനെ മോഡിയുടേതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്?

ആളുകളെ കുടിയിറക്കി ഹൈ-സ്പീഡ് റെയില്‍ കോറിഡോര്‍ നിര്‍മ്മിക്കുന്നതും, കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുന്നതും, ആറന്മുള മിച്ചഭൂമി സ്വകാര്യ കമ്പനിക്കു വില്‍ക്കുന്നതും, കായല്‍ നികത്തി ലുലുവിന് വില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള തീരുമാനം കൈക്കൊള്ളുന്ന മന്ത്രിസഭയില്‍ ഒന്നര വര്‍ഷം ഇരുന്നപ്പോള്‍ ഷിബുവിന് തോന്നിക്കാണും മോഡിയാണല്ലോ ഇതിലും ഗംഭീരമെന്ന്.

കുഞ്ഞാലിക്കുട്ടിയില്‍ നിന്നും പണി പഠിക്കുന്നതിലും ഭേദം ആ പണി കുറച്ചുകൂടി വൃത്തിയായി ചെയ്യുന്ന മോഡിയില്‍ നിന്നും നേരിട്ടു പഠിക്കുന്നതാണല്ലോ എന്ന്.  അതുകൊണ്ട് ഷിബു മോഡിയെ കാണാന്‍ പോയി. കണ്ടപ്പോള്‍ ഷിബു ബേബിജോണ്‍ നരേന്ദ്ര മോഡിക്ക് കൊടുത്ത സമ്മാനം ആറന്മുള കണ്ണാടിയാണ് എന്നത് യാദ്രിശ്ചികമാവില്ല.

ആറന്മുളയില്‍ ഉമ്മന്‍ചാണ്ടി രൂപപ്പെടുത്തുന്ന മോഡി മോഡല്‍ വികസനത്തെക്കാള്‍ അതിനു സാദൃശ്യം നാളെ മോഡിയെങ്ങാനും പ്രധാനമന്ത്രിയായാല്‍ ആറന്മുളയില്‍ ശക്തിപ്പെടുന്ന കാവി രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ നേതാവിന് ഉണ്ടായേക്കാവുന്ന അധികാര സാധ്യതകളോടാണ്.

വരാനിരിക്കുന്ന അഖിലേന്ത്യാ തിരഞ്ഞെടുപ്പിന് ഇതുപയോഗിച്ച് മോഡി ഉണ്ടാക്കിയേക്കാവുന്ന മൈലേജൊന്നും പ്രാദേശിക പാര്‍ട്ടിയുടെ നേതാവായ ഷിബു മുന്‍കൂറായി ഓര്‍ത്തു കാണില്ല. എന്നാല്‍ അതിനോട് വളരെപ്പെട്ടെന്നു പ്രതികരിച്ചവരെ കണ്ടോ?

കൊണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും മോഡിയുടെ വികസന മോഡലിലും വ്യത്യസ്തരാണ് തങ്ങളുടെത് എന്ന് വരുത്തി തീര്‍ക്കേണ്ട ആവശ്യമുണ്ട്. അവരുടെ കസേരകള്‍ തുടര്‍ന്നും നിലനില്‍ക്കേണ്ടതുണ്ടല്ലോ. മെച്ചപ്പെട്ട വില്‍പ്പനക്കാരന്‍ കടന്നു വരുമ്പോള്‍ നിലനില്‍ക്കുന്ന ഏതൊരു കച്ചവടക്കാരനും ആദ്യം പറയുന്ന ന്യായം സ്വന്തം വയറ്റിപ്പിഴപ്പ് ആയിരിക്കില്ലല്ലോ. നയവും നിലപാടുമായിരിക്കും.

വികസന മോഡലിന്റെ പേരില്‍ മോഡിയെ വിമര്‍ശിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിലെ ഒരു മന്ത്രിമാര്‍ക്കൊ ഒരു യോഗ്യതയുമില്ല. ടാറ്റക്കും ബിര്‍ളക്കും അംബാനിമാര്‍ക്കും രാജ്യം തീറെഴുതുന്നതില്‍ മത്സരിക്കുകയാണ് ഇരുവരും.

കോണ്‍ഗ്രസിനുള്ള സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്ര ബാധ്യതയൊന്നും മോഡിക്കില്ല. അതിനാല്‍ അവിടെ കച്ചവടം പച്ചക്കാണ്.  മന്‍മോഹനും ചാണ്ടിയും നല്ല കച്ചവടക്കാര്‍ പോലുമല്ലാത്തതിനാല്‍ മോഡിയെ പഴിച്ചിട്ടെന്തു കാര്യം?

വികസന നയത്തിന്റെ പേരിലല്ല, ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിന്റെ പേരിലാണ് യു.ഡി.എഫിന്  മോഡിയെ വിമര്‍ശിക്കാന്‍ എന്തെങ്കിലും യോഗ്യതയുണ്ടെങ്കില്‍ ഉള്ളത്. അതില്‍ മാത്രമാണ് അവര്‍ വ്യത്യസ്തരാകുന്നത്. അതിലെ വ്യത്യസ്തത തന്നെയാണ് കേരള മനസാക്ഷി ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന്റെ ഒരു പ്രധാന കാരണം.

അതിനാല്‍ ഇനിയെങ്കിലും കാപട്യം മാറ്റിനിര്‍ത്തി വസ്തുതകള്‍ ചര്‍ച്ച ചെയ്യാം. വികസന മോഡലിന്റെ പേരില്‍ മോഡിയെ വിമര്‍ശിക്കും മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന നയം എങ്ങനെ മോഡിയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു എന്ന് പറയേണ്ടിവരും.

മോഡിയുടെ കൊലപാതക, വംശഹത്യാ ഫാസിസ്റ്റ് രാഷ്ട്രീയത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കേണ്ടതുണ്ട്. മോഡിയുടെ വികസന നിലപാടുകളില്‍ നിന്നും അധികം ദൂരെയല്ല അയാളുടെ കൊലപാതക രാഷ്ട്രീയ നിലപാടുകളും.

മോഡി മോഡലിനെ ന്യായീകരിക്കുന്ന അബ്ദുള്ളക്കുട്ടിമാര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുമ്പോള്‍ ഷിബുവിന്റെ മേല്‍ കുതിര കയറാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികാവകാശം ഉണ്ടോ?

നെഹ്രുവിന്റെ കാലത്തെ ഫാബിയന്‍ സോഷ്യലിസ്റ്റ് പാതയില്‍ നിന്നും ഏറെ വ്യതിചലിച്ചാണ് കോണ്‍ഗ്രസ് തങ്ങളുടെ വികസനനയം രൂപപ്പെടുത്തുന്നത്. പാവപ്പെട്ടവനെ തീര്‍ത്തും അവഗണിച്ച് ചൂഷകരുടെ കൂടെ നില്‍ക്കുന്ന, മുതലാളിത്തത്തിനു സേവ പാടുന്ന ഇപ്പോഴുള്ള വികസന നയം നെഹ്രുവിനെക്കാള്‍ മോഡിയോടാണ് ചേര്‍ന്നു നില്‍ക്കുന്നത്.

എന്നാല്‍ ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികളോട് ഐക്യപ്പെടുന്നതില്‍ കോണ്‍ഗ്രസും സഖ്യകക്ഷി സര്‍ക്കാരുകളും ഇന്നും മോഡിയില്‍ നിന്നും ഏറെ ദൂരെയാണ്. ആ ദൂരം നിലനിര്‍ത്താനും കൂട്ടാനും ആകണം ഷിബുവിനെപ്പോലെയുള്ള മന്ത്രിമാര്‍ മോഡിയെ കാണാന്‍ പോകുന്നതിനെ എതിര്‍ക്കേണ്ടത്.

ഗുജറാത്തിലെ സ്ത്രീകളുടെ ജീവിതം; മോഡി മറച്ച് വെക്കുന്ന സത്യങ്ങള്‍

മോഡിയുടെ പുറംമോടികള്‍

ഗുജറാത്തിലെ പോഷകാഹാര പ്രതിസന്ധി സൊമാലിയയേക്കാളും രൂക്ഷം: മാര്‍കണ്ഡേയ കഠ്ജു

ഗുജറാത്തിലെ പോഷകാഹാരക്കുറവിന് കാരണം സ്ത്രീകളുടെ സൗന്ദര്യഭ്രമം: മോഡി

മോഡിക്ക് തിരിച്ചടി; ടീസ്തക്കെതിരെയുള്ള കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പരസ്യം, ബി.ജെ.പി നേതാക്കള്‍ പാണ്ഡവന്‍മാര്‍

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

വികസന നാടകം മോഡിയിലെ രക്തക്കറ മായ്ക്കുമോ?

വാജ്‌പേയിയുടെ കത്ത് മോഡിയെ വേട്ടയാടുന്നു

നരേന്ദ്രമോഡി ഇന്ത്യന്‍ വികസന നായകന്‍: യു.എസ്