എഡിറ്റര്‍
എഡിറ്റര്‍
സച്ചിന് ഭാരതരത്‌ന നല്‍കിയതില്‍ ജെ.ഡി.(യു) വില്‍ അതൃപ്തി
എഡിറ്റര്‍
Monday 18th November 2013 8:57pm

j.d.u

ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഭാരതരത്‌ന നല്‍കിയതില്‍ ജെ.ഡി.(യു) വിന് അതൃപ്തി. സച്ചിനല്ല ധ്യാന്‍ചന്ദിനാണ് പുരസ്‌കാരം നല്‍കേണ്ടിയിരുന്നതെന്ന് ജെ.ഡി.(യു) എം.പി ശിവാനന്ദ് തിവാരി പറഞ്ഞു.

സച്ചിനല്ല ലോകം കണ്ട മികച്ച ഹോക്കി താരം ധ്യാന്‍ ചന്ദിനാണ് ഭാരതരത്‌ന നല്‍കേണ്ടിയിരുന്നതെന്നാണ് ജെ.ഡി.(യു)  വിന്റെ നിലപാട്.

ശക്തമായ മാധ്യമ സാന്നിധ്യമോ കോര്‍പ്പറേറ്റുകളോ ഇല്ലാതിരുന്ന കാലത്ത് ഹോക്കിയെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിച്ച വ്യക്തിയാണ് ധ്യാന്‍ ചന്ദ് എന്നും തിവാരി പറഞ്ഞു.

മത്സരത്തില്‍ വിജയിച്ച് വരുന്ന ഹോക്കി താരത്തിന് ഒരു ലക്ഷം രൂപ നല്‍കാന്‍ പോലും സര്‍ക്കാരിന് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ധ്യാന്‍ ചന്ദിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി.

തിവാരിയെക്കൂടാതെ വിവാരാവകാശപ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാളും സച്ചിന് ഭാരതരത്‌ന നല്‍കിയതിനെതിരെ രംഗത്തെത്തി. കായികതാരത്തിന് നല്‍കുന്ന പരമോന്നത പദവി ലഭിച്ച സച്ചിന് ഭാരതരത്‌ന നല്‍കിയത് അധികവും അനാവശ്യവുമാണെന്നും സുഭാഷ് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി ഫറൂഖ് അബ്ദുല്ല രംഗത്തെത്തി.

Advertisement