madhyamam

കോഴിക്കോട്: മാധ്യമം ദിനപ്പത്രത്തിന്റെ ലോഗോയും മാസ്റ്റര്‍ ഹെഡും ലേ ഔട്ടും പരിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് പത്രത്തിന്റേയും ജമാഅത് കേന്ദ്രങ്ങളിലും ഉണ്ടായ ഭിന്നതക്ക് പുറമേ ഫേസ്ബുക്കിലും പ്രതിഷേധം.

ഫേസ്ബുക്കില്‍ പഴയ മാധ്യമം ആവശ്യപ്പെട്ട് പേജ് തുടങ്ങിയാണ് മാധ്യമ സ്‌നേഹികള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ‘ഞങ്ങളുടെ പഴയ മാധ്യമമാണ് ഞങ്ങള്‍ക്കാവശ്യം’ എന്ന് അര്‍ത്ഥമാക്കുന്ന we want our old madyamam എന്നതാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പേജിന്റെ പേര്. ജമാഅതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.ഐ.ഒയുടെ പഴയപ്രവര്‍ത്തകരും മാധ്യമം വായനക്കാരുമാണ് ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ഗ്രൂപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസം നാലിന് ഉണ്ടാക്കിയ പേജിന് 1000 ത്തോളം ആളുകള്‍ ഇതുവരെ പേജിനെ ലൈക് ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ക്ക് മാധ്യമം വെറും ഒരു പത്രം മാത്രമല്ലെന്നും ആവേശമാണെന്നും ആണ് പേജിന്റെ ഉള്ളടക്കത്തില്‍ പറയുന്നത്. എന്നാല്‍ പത്രം ഇപ്പോള്‍ ഒരു താഴെകിടയിലുള്ള പത്രമായി മാധ്യമം ഇപ്പോള്‍ മാറിയിരിക്കുന്നു. മാധ്യമവായന നിര്‍ത്തേണ്ടെങ്കില്‍ പഴയ മാധ്യമം തിരിച്ചു തരണമെന്നും പറഞ്ഞാണ് ഉള്ളടക്കം അവസാനിക്കുന്നത്.

മാധ്യമത്തന്റെ വളര്‍ച്ചയിലും പുരോഗതിയിലും അസൂയയുള്ള ഏതോ ശത്രുവാണ് പുതിയ പരിഷ്‌കരണം ചെയ്തത്. ഈ ആശയം മുന്നോട്ടു വെച്ചത് മാധ്യമത്തിന്റെ ഉയര്‍ച്ച ആഗ്രഹിക്കുന്നില്ല. മറിച്ച് ചെയ്ത ആളുടെ പ്രൊഫഷലിസം മാത്രമാണ് ലക്ഷ്യം വെച്ചത്. എന്നാണ് ഒരു കമെന്റ്.

പത്രത്തന്റെ പഴയകാല പേജുകളും പരിഷ്‌കരിച്ച പേജുകളും പേജില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

പേജില്‍ പ്രധാനപ്പെട്ട പോസ്റ്റുകള്‍:


‘വെള്ളിമാടു കുന്നിലെ വെള്ളി നക്ഷത്രമായി ഉദിച്ചുയര്‍ന്ന മാധ്യമത്തിന് മുനയുണ്ടായിരുന്നു. പുതുവത്സര ദിനം മുന മുറിച്ചൂ മാറ്റിയ മാധ്യമം പുറത്തിറങ്ങി. നഖം പോയ പുലിയെപ്പോലെ ഇന്നു കിടക്കുന്നതു കാണുമ്പോള്‍….’

‘ഇന്നു രാവിലത്തെ പത്രം കണ്ടു കരഞ്ഞു പോയി.. ദയവു ചെയ്തു ഞങ്ങള്‍ക്കാ ആ പഴയ പത്രം തിരികെ തരൂ..’
‘വര്‍ഷങ്ങള്‍ പഴക്കമുള്ള മൂര്‍ച്ചയുള്ള രൂപം ഒരു പുതു വത്സര ദിനം തുടച്ചു നീക്കാന്‍ സമ്മതിക്കില്ല. മാധ്യമത്തെ കൊല്ലാന്‍ ശ്രമിക്കുന്നവര്‍ക്ക് മാപ്പില്ല’

‘ജനം കഴുതകളാണെന്ന് ധരിക്കുന്നവര്‍ വീഴും.അതു രാജാവായാലും പത്രങ്ങള്‍ ആയാലും’

‘മാധ്യമം പറത്തിവിട്ട
പ്രാവിനെ തിരുച്ചു നല്ക്കുക, കുടെ ആ
അക്ഷരും’

‘ഇത് ആരുടെയും വാശിയല്ല
മാധ്യമം രാവിലെ കൈയില് എടുക്കുന്ന
സാധാരണ കാരുടെ ആഗ്രഹം ആണ്. ഈ
മാറ്റം വേണ്ടില്ലായിരുന്നു
‘മാധ്യമ’മേ’

‘ദയവായി മാധ്യമത്തിനു ആ പഴയ ലോഗോയും അക്ഷരങ്ങളും തിരിച്ചു നല്‍കൂ
ആളുകളുടെ മനസ്സില്‍ പതിഞ്ഞ ചിഹ്നങ്ങളെ നിങ്ങള്‍ നിഷ്പ്രയാസം എടുത്തു കളയാതിരിക്കൂ’

എന്നാല്‍ മാധ്യമം ചീഫ് ഒ. അബ്ദുറഹ്മാനെ തങ്ങള്‍ ഫോണില്‍ വിളിച്ചതായും ജനുവരി 20നകം മാറ്റം വരുത്തുമെന്നും അഡ്മിന്‍ ഇന്ന് രാവിലെ പോസ്റ്റുചെയ്തിട്ടുണ്ട്.

അതേസമയം, മാധ്യമം ദിനപ്പത്രത്തിന്റെ ലോഗോയും മാസ്റ്റര്‍ ഹെഡും ലേ ഔട്ടും പരിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് മാധ്യമം, ജമാഅത്ത് കേന്ദ്രങ്ങളില്‍ ഭിന്നത രൂക്ഷമാകുന്നതായുള്ള വാര്‍ത്ത നേരത്തെ ഡൂള്‍ന്യൂസ് പുറത്തുവിട്ടിരുന്നു. പുതുവത്സര ദിനം മുതലാണ് പുതിയ പരിഷ്‌കാരങ്ങളുമായി മാധ്യമം പത്രം പുറത്തിറങ്ങിയത്. പുതിയ പരിഷ്‌കാരങ്ങളെ അംഗീകരിക്കാന്‍ മാധ്യമം ദിനപ്പത്രത്തിലെ ജീവനക്കാരോ വായനക്കാരോ ജമാഅത്ത് അനുഭാവികളോ തയ്യാറായിരുന്നില്ല.

വേണ്ടത്ര ആലോചനയോ അഭിപ്രായം തേടലോ ഇല്ലാതെ പത്രത്തിലെ ഒരു വിഭാഗത്തിന്റെ തീരുമാനമാണിതെന്നാണ് പുതിയ മാറ്റത്തെ എതിര്‍ക്കുന്നവരുടെ പക്ഷം. ഇത് സോളിഡാരിറ്റിവല്‍ക്കരണമായും മാറ്റത്തെ എതിര്‍ക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.

മാധ്യമത്തില്‍ പുതുതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയി ചാര്‍ജെടുത്ത സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡണ്ട്  പി.ഐ നൗഷാദും  പുതുതായി ഐഡിയല്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായി വന്ന  എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി.കെ ഫാറൂഖും  ഏകപക്ഷീയമായാണ് പുതിയ മാറ്റത്തിന് നേതൃത്വം നല്‍കിയതെന്നും പറയപ്പെടുന്നു.

1987ല്‍ വെള്ളിമാടുകുന്നില്‍ നിന്നും കെ.സി അബ്ദുള്ള മൗലവിയുടെയും പ്രൊഫസര്‍ കെ.എ സിദ്ദീഖ് ഹസ്സന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പത്രത്തിന്റെ ലോഗോയും മാസ്റ്റര്‍ഹെഡും  മാധ്യമം പത്രത്തെ മറ്റ് പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്നുവെന്നാണ് മാധ്യമം വായനക്കാരുടെ വാദം.

25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മാധ്യമത്തിന്റെ സവിശേഷമായ പാരമ്പര്യത്തെ മായ്ച്ചുകളയാനാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനമെന്നാണ് മാറ്റത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.