കെയ്‌റോ : ഈജിപ്ത് പട്ടാളത്തലവനും പ്രതിരോധമന്ത്രിയുമായ മാര്‍ഷല്‍ ഹുസൈന്‍ തന്‍ത്വാവിക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത് രാജ്യനന്മയ്ക്ക് വേണ്ടിയാണെന്ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി. കെയ്‌റോയിലെ റംസാന്‍ പ്രഭാഷണവേളയിലാണ് മുര്‍സി ഇക്കാര്യം പറഞ്ഞത്.

Subscribe Us:

തന്‍ത്വാവിയെ പുറത്താക്കിയതോടെ വന്‍ ജനപിന്തുണയാണ് മുര്‍സിക്ക് രാജ്യത്ത് നിന്നും ലഭിക്കുന്നത്. മുര്‍സിയുടെ നടപടിയെ പിന്തുണച്ച് പതിനായിരക്കണക്കിന് ആളുകള്‍ തഹ്‌രീര്‍  സ്‌ക്വയറില്‍ ആഹ്ലാദപ്രകടനം നടത്തി.

Ads By Google

പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയ തന്‍ത്വാവിക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു രാജ്യം മുഴുവന്‍ ഉയര്‍ന്നിരുന്നത്. ഹോസ്‌നി മുബാറക്കിന്റ ഭരണത്തിന് ശേഷം മുര്‍സിയുടെ പാര്‍ട്ടിയായ മുസ്‌ലീം ബ്രദര്‍ഹുഡും സൈന്യവും തമ്മില്‍ കടുത്ത അസ്വാരസ്യത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് തന്‍ത്വാവിയുടെ പിരിച്ചുവിടല്‍.

മുര്‍സിയുടെ നടപടിയോടെ രാജ്യത്ത് മുസ്‌ലിം ബ്രദര്‍ഹുഡും സൈന്യവും തമ്മിലുള്ള പോര് ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.