അത്ഭുതപ്പെടേണ്ട; ഒരു മിനി മെഡിക്കല്‍ ലാബിന്റെ ജോലി ചെയ്യാന്‍ സജ്ജമായ സ്മാര്‍ട്‌ഫോണുകള്‍ നമ്മുടെ കൈകളില്‍ ഉടന്‍ എത്തും. കൂടുതല്‍ സുഗമവും ചെലവു കുറഞ്ഞതുമായി മാറിക്കൊണ്ടിരിക്കുന്ന മെഡിക്കല്‍ ലാബ് പരിശോധനകളാണ് ഇത്തരം സ്മാര്‍ട്‌ഫോണുകളുടെ വരവ് സാധ്യമാക്കുന്നത്.

ഒരു യു.എസ്.ബിയുടേതിനേക്കാളും ചെറിയ പ്രത്യേക ഡിജിറ്റല്‍ പ്രതലത്തില്‍ പരിശോധിക്കേണ്ട വസ്തു വെച്ച് നമുക്ക് ഇഷ്ടമുള്ള ലാബിലേക്ക് അയക്കാന്‍ സാധിക്കും. ലാബില്‍ നിന്നുള്ള പരിശോധനാ ഫലം തിരികെ നമുക്ക് അയച്ചു തരികയും ചെയ്യുന്ന സാങ്കേതിക വിദ്യ സമീപ ഭാവിയില്‍ നാം കാണാന്‍ പോകുകയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് സ്മാര്‍ട്‌ഫോണ്‍ വഴി രോഗനിര്‍ണ്ണയം സാധ്യമാകുന്നത്.

സംഗതി ഇതാണ്; ഉപയോക്താവിന്റെ ഉമനീരോ, രക്തമോ, മൂത്രമോ പരിശോധിച്ച് ഭക്ഷണത്തിലെ വിഷബാധയും പനിയുമെല്ലാം കണ്ടെത്തി രോഗത്തിന്റെ പ്രകൃതം പറയാന്‍ കഴിയുന്ന സ്മാര്‍ട്‌ഫോണുകള്‍ സാധ്യമാക്കാനുള്ള പ്രയത്‌നത്തിലാണ് കൊറിയയിലെ ഒരു സംഘം ഗവേഷകര്‍. ലാബ് പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ സ്മാര്‍ട്‌ഫോണുകള്‍ അതിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്തുമെന്നാണ് കൊറിയയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരായ ഹുന്‍ ഗ്യു പാര്‍ക്കും ബ്യോഗ് യെന്‍ വോണും പറയുന്നത്.

പരിശോധിക്കാനുളള രക്തമോ ഉമിനീരോ ഫോണിലെ ‘ലാബ്-ഓണ്‍-എ-ചിപ്പി’ല്‍ എത്തിയാല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വഴി ലക്ഷണങ്ങള്‍ വിലയിരുത്തി രോഗം നിര്‍ണ്ണയിച്ച് തരും. സ്മാര്‍ട്‌ഫോണിന്റെ പ്രവര്‍ത്തനം മുഴുവന്‍ ഇലക്ട്രിക് ചാര്‍ജിംഗില്‍ പൂര്‍ണ്ണനിയന്ത്രണത്തോടെ നമ്മുടെ വിരല്‍ തുമ്പിലായിരിക്കും. എച്ച്.ഐ.വിയെപ്പോലോത്ത ലൈംഗിക രോഗങ്ങള്‍ പോലും ഇങ്ങിനെ പരിശോധിക്കാനാകുമത്രെ.

ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഐ ഫോണുകളില്‍ പ്രയോഗിച്ചാല്‍ മള്‍ട്ടി ടെച്ച് ഡിസ്‌പ്ലേകള്‍ വഴി ഡി.എന്‍.എ പരിശോധന വരെ നടത്താമെന്ന് പാര്‍ക്കും വോണും സാക്ഷ്യപ്പെടുത്തുന്നു!

Malayalam News
Kerala News in English