വാഷിംങ്ടണ്‍: ഇസ്‌ലാമാബാദില്‍ ഇരട്ടക്കൊലക്കുറ്റത്തിന് തടവില്‍ കഴിയുന്ന യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ റെയ്മണ്ട് അലന്‍ ഡേവിസിനെ മോചിപ്പിക്കുന്നതിനായി പാക്കിസ്ഥാനുമായുള്ള ഉന്നതതല ചര്‍ച്ചകള്‍ നിര്‍ത്തിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ യു.എസ് നിഷേധിച്ചു. ഡേവിഡിനെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പി.ജെ ക്രൗലി വ്യക്തമാക്കി.

ലാഹോറില്‍ രണ്ട് പാക്കിസ്ഥാന്‍കാരെ വെടിവച്ചുകൊന്നതിനാണ് ഡേവിഡിനെ പാക്കിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഡേവിഡിനെ വിട്ടയക്കണമെന്ന് കഴിഞ്ഞ ഏതാനും ദിവസമായി യു.എസ് ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാലിതിന് പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഉന്നതതല ചര്‍ച്ചകള്‍ നിര്‍ത്തിവച്ചെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഒബാമ ഭരണകൂടത്തിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും വ്യക്തമാക്കി. നയതന്ത്രജ്ഞനെ മോചിപ്പിക്കുന്നതിനായി പാക്ക് ഉന്നതരുമായി യു.എസ് ബന്ധപ്പെടുന്നുണ്ട്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രമാരുമായുള്ള ഉച്ചകോടി മുന്‍ നിശ്ചയിച്ച പ്രകാരം 23-24 തീയ്യതികളില്‍ തന്നെ നടക്കുമെന്നും അദ്ദേഹം വിശദമാക്കി.