Categories

പാര്‍ലമെന്റിന്റെ അന്തസ്സിന് ചേരും വിധം ലോക്പാലിനായി യോജിക്കുക: മന്‍മോഹന്‍

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ അന്തസ്സിന് ചേരും വിധം ലോക്പാലിനായി അംഗങ്ങള്‍ യോജിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ലോക്‌സഭയില്‍ പറഞ്ഞു. ലോക്പാല്‍ ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന് ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ലോക്പാല്‍ നിയമനിര്‍മാണം പാര്‍ലമെന്റിന്റെ കടമയാണെന്നും ബില്ലിന്മേല്‍ അന്തിമമായി തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ലമെന്റ് മാത്രമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. പാര്‍ലമെന്റിന് പുറത്തുള്ള അഭിപ്രായങ്ങള്‍ ശ്രവിച്ചാലും അന്തിമമായ തീരുമാനം നമ്മുടേതു തന്നെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി വി. നാരായണ സ്വാമിയാണ് ബില്ലിന്മേലുള്ള അനുമതി തേടി സഭയില്‍ സംസാരിച്ചത്. വലിയ പ്രതിപക്ഷ ബഹളത്തിനിടെയാണ് നാരായണസ്വാമി സംസാരിച്ചത്. അണ്ണാ ഹസാരയുടെയും വിവിധ സംഘടനകളുടെയും നിര്‍ദേശങ്ങളും പരിഗണിച്ചിട്ടുണ്ടെന്ന് നാരായണസ്വാമി സഭയില്‍ പറഞ്ഞു.

ലോക് പാല്‍ ബില്‍ നിരാശാജനകമാണെന്നും സമിതിയില്‍ ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ബി.ജെ.പി നേതാവ് സുഷമാ സ്വരാജ് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

വ്യാഴാഴ്ചയാണ് ‘ലോക്പാല്‍ ലോകായുക്ത ബില്‍ 2011’ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അനുബന്ധ ഭരണഘടനാ ഭേദഗതി ബില്ലും ഒപ്പം അവതരിപ്പിച്ചു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്ത സംവിധാനവും ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ലോക്പാല്‍ ബില്ലിന്റെ കരട് പാര്‍ലമെന്റില്‍ വെയ്ക്കുന്നതിനു മുമ്പ് തന്നെ ഹസാരെ സംഘം തള്ളിയിരുന്നു.

ലോക്പാല്‍ സമിതിയിലെ ന്യൂനപക്ഷ സംവരണം എടുത്തു മാറ്റുക, സംസ്ഥാനങ്ങളിലെ ലോകായുക്ത നിര്‍ദേശം പിന്‍വലിക്കുക, ലോക്പാലില്‍ സി.ബി.ഐക്ക് മേല്‍നോട്ടവും ഭരണ നിയന്ത്രണവും ഏര്‍പ്പെടുത്തുക എന്നിവയാണ് ബി.ജെ.പി ആവശ്യപ്പെടുന്ന ലോക്പാല്‍ ബില്ലിലെ ഭേദഗതികള്‍.

ലോക്പാലിന് പ്രത്യേക അന്വേഷണ സംവിധാനം കൊണ്ടുവരിക, സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് വിപുലീകൃത പാനല്‍ രൂപവത്കരിക്കുക, സി.ബി.ഐയെ സര്‍ക്കാര്‍ നിയന്ത്രണത്തിനു പുറത്തു നിര്‍ത്തുക എന്നിവയാണ് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന ബില്ലിലെ ഭേദഗതികള്‍.

ഭേദഗതികളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് കോര്‍കമ്മിറ്റി ചേര്‍ന്നിട്ടുണ്ട്. എല്ലാ ഭേദഗതികളും പരിഗണിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Malayalam News

Kerala News in English

One Response to “പാര്‍ലമെന്റിന്റെ അന്തസ്സിന് ചേരും വിധം ലോക്പാലിനായി യോജിക്കുക: മന്‍മോഹന്‍”

  1. ശുംഭന്‍

    പാര്‍ലമെന്റിന് പുറത്തുള്ള അഭിപ്രായങ്ങള്‍ ശ്രവിച്ചാലും അന്തിമമായ തീരുമാനം നമ്മുടേതു തന്നെയായിരിക്കണമെന്നു ആണ് മന്‍മോഹന്‍ സിംഗ് പറയുന്നത്. ആരാണീ പുറത്തുള്ളവര്‍? ആരോക്കെയാണീ നമ്മള്‍ ? ജനങ്ങളുടെ ഇടയില്‍ ഇറങ്ങി വന്നു വോട്ടു നേടി പാര്‍ലമെന്റില്‍ വരാന്‍ ഇനിയും ധൈര്യം കാട്ടിയിട്ടില്ലാത്ത മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിന് പുറത്തുള്ളവരെ വെറും നികൃഷ്ട ജീവികളെ പോലെ കാണരുത്. പാര്‍ലമെന്റിനുള്ളില്‍ കയറിപ്പറ്റിയവര്‍ എല്ലാം മേലാളന്മാരും പുറത്തുള്ളവര്‍ എല്ലാം അടിമകളും ആണെന്ന മട്ടിലുള്ള ഇവരുടെ പ്രസ്താവനകള്‍ കേട്ടിട്ടും അവര്‍ക്ക് ജയ്‌ വിളിക്കാന്‍ മാത്രമറിയുന്ന അനുയായികള്‍ , ഒരു ഉളുപ്പും ഇല്ലാതെ ഏറാന്‍ മൂളി പിന്നാലെ നടക്കുന്നു. എന്തൊരു കഷ്ടം!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.