തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന വിഷയം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ സര്‍ക്കാരിന് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

ടൈറ്റാനിയം സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമാണ് ഭരണപക്ഷം പ്രധാനമായും സഭയില്‍ ഉന്നയിച്ചത്. ഭരണപക്ഷത്തുനിന്നും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്, പ്രതിപക്ഷ ഉപനേതാവ് കോടയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തുടങ്ങിവരാണ് പ്രധാനമായും ഈ ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പിന്നീട് പ്രതിപക്ഷം തിരിച്ചുവന്നതോടെ അടിയന്തര പ്രമേയം തള്ളുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30 മുതല്‍ ആണു ചര്‍ച്ച തുടങ്ങിയത്. അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ തോമസ് ഐസകാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ ചെലവുകുറഞ്ഞ മാലിന്യ സംസ്‌കരണ പ്ലാന്റ് അട്ടിമറിച്ചതിലൂടെ 100 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ വ്യക്തമാണ്. അഴിമതിക്കു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയില്‍ നിന്ന് മന്ത്രി രാമചന്ദ്രന്‍ മാസ്റ്ററെ ഒഴിവാക്കിയ ദിവസമാണ് മുഖ്യമന്ത്രി കത്തയച്ചത്. പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്ത് സര്‍ക്കാര്‍ നിയമസഭയില്‍ വെക്കണം. രാഷ്ട്രീയ ഇടപാട് നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വ്യക്തമാണ്. ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി കത്ത് നല്‍കി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും തോമസ് ഐസക് പറഞ്ഞു.

പാമോലിന്‍ കേസില്‍ വഴുതിമാറിയതുപോലെ ഈ ഇടപാടില്‍ നിന്നും രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ല. ‘അഴിമതി കേസുകളില്‍ പെട്ട അശോക് ചവാനെയും യെദിയൂരപ്പയെയും പോലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജിവയ്ക്കൂ, പുറത്തുപോകൂ’ – തോമസ് ഐസക് ആവശ്യപ്പെട്ടു.

ടി.എന്‍ പ്രതാപനാണ് തുടര്‍ന്ന് സംസാരിച്ചത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം മലിനീകരണ പദ്ധതിക്ക് തുടക്കമിട്ടത് സുശീല ഗോപാലന്‍ വ്യവസായമന്ത്രിയായിരുന്ന കാലത്താണെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ഒരു നുണ പറഞ്ഞ് അത് പല തവണ ആവര്‍ത്തിച്ച് സത്യമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പോലെ വികസനങ്ങള്‍ വെട്ടിനിരത്തുന്ന സ്വഭാവമല്ല യു.ഡി.എഫ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ലാവ്‌ലിന്‍ പോലെയുള്ള കുത്തക കമ്പനിയെയല്ല പദ്ധതി നടത്തിപ്പിന് ഏല്‍പ്പിച്ചത്. മെക്കോണിനെയാണ് പദ്ധതി ഏല്‍പ്പിച്ചത്. മെക്കോണ്‍ പൊതുമേഖലാ സ്ഥാപനമാണെന്നത് മറക്കരുത്. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്ത് കൊണ്ടാണ് പദ്ധതി റദ്ദാക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ടൈറ്റാനിയം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ടൈറ്റാനിയം പദ്ധതി അനുവദിച്ചത് നിയമവിരുദ്ധമായാണോ എന്നാണ് ഇവിടെ പരിശോധിക്കേണ്ടതെന്ന് സി.കെ നാണു എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി അയച്ച രണ്ട് കത്തുകളല്ല ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. പദ്ധതി അനുവദിച്ചതില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും ഇടപെടലുണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റാനിയത്തില്‍ 256 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് സഭയെ അറിയിച്ചു. പദ്ധതി തെറ്റാണെങ്കില്‍ പിന്നെ എന്തിനാണ് എല്‍.ഡി.എഫ് തറക്കല്ലിട്ടതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയെ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് പറഞ്ഞ തോമസ് ഐസക്, നിങ്ങള്‍ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പല ഇടപാടുകളുടെയും തെളിവുകള്‍ യു.ഡി.എഫിന്റെ പക്കലുണ്ട്. ഇതു പുറത്തുവന്നാല്‍ നിങ്ങളില്‍ പലരും ജയിലില്‍ കിടക്കുമെന്നും ജോര്‍ജ് പറഞ്ഞു.

ടൈറ്റാനിയം മലിനീകരണ പദ്ധതിയില്‍ ഇല്ലാത്ത അഴിമതി ഉന്നയിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

പ്രതിപക്ഷ ആരോപണം തൊഴിലാളി താല്‍പര്യത്തെ വൃണപ്പെടുത്തുന്നതാണെന്ന് പി.സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. കമ്പനി ഇല്ലാതായാല്‍ ആയിരത്തോളം തൊഴിലാളികള്‍ പട്ടിണിയിലാകും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയില്‍ ഓവര്‍ ബില്ലിംഗ് നടന്നിട്ടില്ല. എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെ 10% വര്‍ദ്ധന നടത്താന്‍ നടപടിയെടുത്തു. യൂട്ടിലൈസേഷന്‍ പ്ലാന്റിംഗ് 32 കോടി എന്നത് എല്‍.ഡി.എഫിന്റെ കാലത്താണ് 42 കോടിയായി ഉയര്‍ത്തിയത്. മുഖ്യമന്ത്രി അയച്ച ശുപാര്‍ശക്കത്തില്‍ ഏതെങ്കിലും കമ്പനിയുടെ പേരോ 256 കോടി നല്‍കണമെന്നോ ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. അഴിമതി കാണിക്കണമെങ്കില്‍ ആരെങ്കിലും സുപ്രീം കോടതിക്ക് കത്തയയ്ക്കുമായിരുന്നോ എന്നും വിഷ്ണുനാഥ് ഉന്നയിച്ചു. ടൈറ്റാനിയം വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്.

ഗീബല്‍സീയന്‍ തന്ത്രമാണ് സഭയില്‍ ഉപയോഗിക്കുന്നതെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. കള്ളം പലതവണ പറഞ്ഞാല്‍ അത് സത്യമാകുമെന്ന തരത്തിലാണ് തോമസ് ഐസക് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഞ്ചു കൊല്ലം ഭരിച്ചിട്ടും ടൈറ്റാനിയം അഴിമതി കേസില്‍ എല്‍.ഡി.എഫ് എന്തു കൊണ്ടു നടപടിയെടുത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക്് മറുപടിയായി ചോദിച്ചു. ഇപ്പോള്‍ പുറത്തു വന്ന രേഖകളില്‍ പുതുതായി ഒന്നുമില്ലെന്ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം തന്നെ പറഞ്ഞിട്ടുണ്ട്. രേഖകളെല്ലാം പല പ്രാവശ്യം പുറത്തു വന്നതാണ്. ഏഴു ദിവസത്തിനുളളില്‍ ഫാക്ടറി പൂട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. ജലവിതരണവും വൈദ്യുതിയും വിച്‌ഛേദിക്കാനും നിര്‍ദേശം വന്നു. ഇത് ഒഴിവാക്കാനാണ് സുപ്രീംകോടതി മോണിറ്ററിങ് സമിതിയുമായി ബന്ധപ്പെട്ടത്.

മോണിറ്ററിങ് കമ്മിറ്റിക്ക് താന്‍ രണ്ടു കത്തല്ല, മൂന്നു കത്ത് അയച്ചു. സമയം വേണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ കത്ത് മാനിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറുന്നുവെന്ന മറുപടി തനിക്ക് ലഭിച്ചു. തന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ടൈറ്റാനിയം ഫാക്ടറി പൂട്ടാതിരുന്നത്. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പനി പൂട്ടാതിരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണു വിഷയത്തില്‍ ഇടപെട്ടതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്. പ്രതിപക്ഷത്തിന്റെ ആവശ്യം അനുവദിക്കാന്‍ വേറെ ആളെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു ശേഷം അടിയന്തര പ്രമേയം തള്ളുന്നതായി സ്പീക്കര്‍ അറിയിച്ചു.