തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം സംബന്ധിച്ചു നിയമസഭ നടപടികള്‍ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു മണിക്കൂറാണ് ചര്‍ച്ച.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേല്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ഉമ്മന്‍ചാണ്ടി അറിയിക്കുകയായിരുന്നു. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ചര്‍ച്ച മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിജസ്ഥിതി ജനങ്ങള്‍ അറിയണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ചര്‍ച്ച തത്സമയം സംപ്രേക്ഷണം ചെയ്യാമെന്നു സ്പീക്കര്‍ സമ്മതിക്കുകയും ചെയ്തു.

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനാവശ്യ തിടുക്കം കാട്ടിയെന്നാണ് ആരോപണം. ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അഴിമതിക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത മാലിന്യനിവാരണ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതില്‍ ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്തു എന്നതിന്റെ രേഖകളാണ് പുറത്ത് വന്നത്. ഈ പദ്ധതിയുടെ പേരില്‍ നടന്നത് 100 കോടിയിലധികം രൂപയുടെ അഴിമതിയാണ്.

പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയ്യെടുത്ത് ഉമ്മന്‍ചാണ്ടി സുപ്രീംകോടതി മോണിറ്ററിംഗ് അധ്യക്ഷന്‍ ത്യാഗരാജന് 2005 ഏപ്രില്‍ 23നും 2006 ജനുവരി 5നും അയച്ച കത്തുകളാണ് ചാനല്‍ പുറത്ത് വിട്ടത്. ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യമെടുത്ത് കത്തയച്ചത് മന്ത്രിസഭയും മലിനീകരണ നിയന്ത്രണബോര്‍ഡും ഇറക്കുമതി അംഗീകരിക്കുന്നതിനു മുമ്പാണിത്.