എഡിറ്റര്‍
എഡിറ്റര്‍
ചര്‍ച്ച പരാജയപ്പെട്ടു: ഇന്ന് അര്‍ദ്ധരാത്രിമുതല്‍ 48 മണിക്കൂര്‍ പണിമുടക്ക്
എഡിറ്റര്‍
Tuesday 19th February 2013 8:29am

ന്യൂദല്‍ഹി: ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കൊഴിവാക്കാന്‍ സര്‍ക്കാര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത അവസാനത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. ഇതിനാല്‍ നേരത്തെ തീരുമാനിച്ച പോലെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള നാലംഗ മന്ത്രിസംഘവുമായിട്ടായിരുന്നു ഇന്നലെ ചര്‍ച്ച നടത്തിയത്.

Ads By Google

11 കേന്ദ്രട്രേഡ് യൂണിയിനുകളുടെയും പ്രതിനിധികള്‍  ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പുതിയ നിര്‍ദേശങ്ങളോ തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങളോ ഉണ്ടായില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പീന്നീട് പറഞ്ഞു. എന്നാല്‍ ഇന്ന് രാവിലെ പതിനൊന്നിന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ വീണ്ടും യോഗം ചേരുന്നുണ്ട്.

ചൊവ്വാഴ്ച അര്‍ധരാത്രി 12ന് തുടങ്ങുന്ന 48 മണിക്കൂര്‍ നീളുന്ന പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി 12നേ അവസാനിക്കൂ. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ്. തുടങ്ങിയ തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തൊഴില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞതിനേക്കാള്‍ കൂടുതലൊന്നും സര്‍ക്കാറിന് പറയാനില്ലായിരുന്നുവെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.പദ്മനാഭനും ബി.എം.എസ്. അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സജി നാരായണനും പറഞ്ഞു. പണിമുടക്ക് നീട്ടിവെക്കണമെന്ന നിര്‍ദ്ദേശം  മാത്രമായിരുന്നു സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്.

മിനിമംവേതനം 10,000 രൂപയാക്കുക, തൊഴില്‍ രംഗത്തെ കരാര്‍വത്ക്കരണം ഒഴിവാക്കുക, ഒരേ ജോലിക്ക് തുല്യ വേതനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികളെടുക്കുക, പൊതുവിതരണം കാര്യക്ഷമമാക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിതതൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷ, ബോണസ്, പി.എഫ്. തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കുള്ള പരിധി ഒഴിവാക്കുക, അസംഘടിതതൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ ചുരുങ്ങിയത് 3000 രൂപയാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ട്രേഡ് യൂണിനുകള്‍ 48 മണിക്കീര്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പണിമുടക്കില്‍ നിന്നു വിട്ടുനില്‍കണമെന്നു ജീവനക്കാരോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ ശമ്പളം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള  കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കു ദിവസം അവധി നല്‍കരുതെന്ന് എല്ലാ മന്ത്രാലയങ്ങളേയും തൊഴില്‍ മന്ത്രാലയം അറിയിച്ചു. പണിമുടക്കു ദിവസം ഹാജരായ ജീവനക്കാരുടേയും പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടേയും കണക്കുകള്‍ വൈകുന്നേരം തൊഴില്‍മന്ത്രാലയത്തെ അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നത ഉദ്ദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisement