എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച നടത്തിയത് തോമസ് ഐസക്കുമായെന്ന് ഗൗരിയമ്മ
എഡിറ്റര്‍
Tuesday 7th January 2014 3:04pm

gouriyamma.

ആലപ്പുഴ: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് ജെ.എസ്.എസ് നേതാവ് കെ.ആര്‍ഗൗരിയമ്മയുടെ മറുപടി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഇടതുപക്ഷം തന്നെ ക്ഷണിച്ചിരുന്നുവെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ: ടി.തോമസ് ഐസക്കുമായാണ് ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയതെന്നും ഗൗരിയമ്മ വ്യക്തമാക്കി.

ഇടതുമുന്നണിയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് സി.പി.ഐ.എമ്മുമായി ചര്‍ച്ച നടത്തിയെന്നത് വാസ്തവമാണ്. എന്നാല്‍ തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.

തന്നെ മാത്രം പാര്‍ട്ടിയിലെടുക്കാമെന്ന സി.പി.ഐ.എമ്മിന്റെ നിലപാട് കാരണം പാര്‍ട്ടിയുടെ  ഓഫര്‍ നിരസിക്കുകയായിരുന്നുവെന്നും ഗൗരിയമ്മ പറഞ്ഞു. മന്ത്രിയാകാന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പറയുന്ന പിണറായി വിജയന് ഓര്‍മ്മക്കുറവാണെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി.

അതേസമയം ഗാരിയമ്മയുടെ പരാമര്‍ശത്തെ തോമസ് ഐസക് തള്ളി. മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചുവെന്ന ഗൗരിയമ്മയുടെ പരാമര്‍ശം വിസ്മയകരമെന്നും ആലപ്പുഴ എം.എല്‍.എ എന്ന നിലയില്‍ താന്‍ നിരവധി തവണ ഗൗരിയമ്മയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

ജെ.എസ്.എസ് തിരുവനന്തപുരം സമ്മേളനത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് സി.പി.ഐ.എമ്മില്‍ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത കാര്യം ഗൗരിയമ്മ വെളിപ്പെടുത്തിയത്.  എല്‍.ഡി.എഫില്‍ നിന്ന് നല്ല ഓഫര്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു.

അച്യുതാനന്ദന്‍ അനുകൂലിയായതുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടപ്പെടാന്‍ കാരണം വയലാര്‍ രവിയും കെ.സി വേണുഗോപാലും ആണെന്നും ഗൗരിയമ്മ ആരോപിച്ചിരുന്നു.

യു.ഡി.എഫ് വിടാന്‍ ജെ.എസ്.എസ് അന്തിമ തീരുമാനത്തിലേക്കടുത്ത സാഹചര്യത്തിലായിരുന്നു  ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍.

ഇന്നലെ നടന്ന പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സി.പി.ഐ.എം ക്ഷണിച്ചുവെന്ന ഗൗരിയമ്മയുടെ പരാമര്‍ശത്തെ പിണറായി വിജയന്‍ നിഷേധിച്ചത്.

Advertisement