ഫ്‌ളോറിഡ: അമേരിക്കയുടെ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് നാസയുടെ ബഹിരാകാശ വാഹനം ഡിസ്‌കവറി അതിന്റെ അവസാന യാത്രയും കഴിഞ്ഞ് ഭൂമിയില്‍ മടങ്ങിയെത്തി. 39ാമത്തെ ബഹിരാകാശയാത്രയായിരുന്നു ഡിസ്‌കവറിയുടേത്.

കമാന്‍ഡര്‍ സ്റ്റീവന്‍ ലിന്‍സ്‌ഡേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിസ്‌കവറി അപകടമൊന്നും കൂടാതെ ഭൂമിയില്‍ തിരിച്ചെത്തിച്ചത്. അവസാനദൗത്യവും പൂര്‍ത്തിയാക്കിയതോടെ ചരിത്രത്തിലേക്കാണ് ഡിസ്‌കവറി മറയുന്നതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി.

വിവിധ കാരണങ്ങളാല്‍ മാറ്റിവെച്ച ഡിസ്‌കവറിയുടെ വിക്ഷേപണം 24നായിരുന്നു നടന്നത്. ആദ്യമായി ഒരു ‘ഹ്യുമനോയ്ഡ് റോബോട്ടി’നെയും (റോബോ2) ഡിസ്‌കവറി അതിന്റെ അവസാനയാത്രയില്‍ കൂടെക്കൂട്ടിയിരുന്നു.

ഡിസ്‌കവറി യാത്ര അവസാനിപ്പിക്കുമെങ്കിലും പുതിയ പര്യവേഷണ വാഹനങ്ങള്‍ തയ്യാറാക്കി ബഹിരാകാശ പരീക്ഷണങ്ങള്‍ തുടരുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.

1984ല്‍ ആദ്യമായി ബഹിരാകാശത്തേക്ക് കുതിച്ച ഡിസ്‌കവറി ഇതുവരെ 322 ദിവസങ്ങള്‍ അവിടെ ചിലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്തെക്കുറിച്ച് പഠിക്കാനായി നിര്‍മ്മിച്ച ഹബിള്‍ ടെലസ്‌കോപ്പിനെ അവിടെയെത്തിച്ചതും ഡിസ്‌കവറിയായിരുന്നു.

26 വര്‍ഷത്തിനിടെ 38 തവണ ഡിസ്‌കവറി ബഹിരാകാശത്തേക്ക് കുതിച്ചു. ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കിയശേഷം ഡിസ്‌കവറിയെ സ്മിത്ത്‌സോനിയന്‍ ദേശീയ വ്യോമ ബഹിരാകാശ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് നാസയുടെ പദ്ധതി.