ന്യൂദല്‍ഹി: ഭീകരവാദികളെന്ന് മുദ്രകുത്തി നിരപരാധികളെ വേട്ടയാടാന്‍ പോലീസ് മാധ്യമപ്രവര്‍ത്തകരെ കൂട്ടുപിടിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ്. ഭീകര വിരുദ്ധ വേട്ടയില്‍ പ്രശസ്തരായ ദല്‍ഹി സ്‌പെഷ്യല്‍ പോലീസ് സെല്‍ ഇത്തരത്തില്‍ വിലക്കെടുത്ത മാധ്യമപ്രവര്‍ത്തകരെ തനിക്കറിയാമെന്നും അരുന്ധതി റോയ്.

Ads By Google

Subscribe Us:

ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ തയ്യാറാക്കിയ ദല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ സേനയെ വിമര്‍ശിക്കുന്ന ‘ഫ്രെയിംഡ്, ഡാംഡ്, അക്വിറ്റഡ്. സോഡിയേഴ്‌സ് ഓഫ് വെരി സ്‌പെഷ്യല്‍ സെല്‍’ എന്ന റിപ്പോര്‍ട്ടിന്റെ പ്രകാശനവേളിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. റിപ്പോര്‍ട്ട് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ പ്രകാശനം ചെയ്തു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്ത സമയത്ത് തങ്ങളോടൊപ്പം നിന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ പിന്നീട് ദല്‍ഹി സ്‌പെഷ്യല്‍ സെല്ലിന്റെ ഏജന്റായി മാറുകയായിരുന്നു. ‘തെഹല്‍ക്ക’യിലായിരുന്ന സമയത്ത് ഈ മാധ്യമപ്രവര്‍ത്തകന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നെന്നും പിന്നീട് ‘ഇന്ത്യ ടുഡേ’ യിലേക്ക് മാറിയപ്പോള്‍ പോലീസ് ഏജന്റായി മാറിയെന്നും അരുന്ധതി പറയുന്നു. ബട്‌ലഹൗസ് വ്യാജ ആക്രമണക്കേസില്‍ അറസ്റ്റിലായ യുവാക്കള്‍ കുറ്റസമ്മതം നടത്തിയെന്ന് ഇന്ത്യാ ടുഡേയില്‍ കവര്‍‌സ്റ്റോറി നല്‍കിയത് ഈ മാധ്യമപ്രവര്‍ത്തകനാണെന്നും അരുന്ധതി റോയ് ആരോപിച്ചു.

പാര്‍ലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ ടൈംസില്‍ ദല്‍ഹി പോലീസ് സെല്ലിന് വേണ്ടി വാര്‍ത്ത നല്‍കിയതിനാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന് നാഷണല്‍ ചാനലിലേക്ക് പ്രമോഷന്‍ ലഭിച്ചത്. ആറ് വര്‍ഷം മുമ്പ് അഫ്‌സല്‍ ഗുരുവില്‍ നിന്നെടുത്ത മൊഴി അഫ്‌സല്‍ ഗുരുവിന്റെ പുതിയ കുറ്റസമ്മതമെന്ന് പറഞ്ഞ് ഈ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് ദല്‍ഹി പോലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും അവിശുദ്ധ ബന്ധമാണ്.

ബട്‌ലഹൗസ് വ്യാജ ഏറ്റുമുട്ടല്‍ നടന്നത് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തായിരുന്നിട്ട് കൂടി അവര്‍ വീണ്ടും മതേതരത്തിന്റെ പേരില്‍ വോട്ട് ചോദിക്കുകയാണെന്നും നിരപരാധികളുടെ അറസ്റ്റും വ്യാജ ഏറ്റുമുട്ടലും മുസ്‌ലീംകളുടെ വിഷമല്ലെന്നും രാഷ്ട്രീയ വിഷയമാണെന്നും അരുന്ധതി റോയ് പറഞ്ഞു.
രാജ്യത്ത് നടക്കുന്ന മിക്കവാറും ആക്രമങ്ങളിലും നിരപരാധികളെയാണ് വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തരോ ഏജന്റോ ആണെന്ന് കാണിച്ച് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യാറെന്നും ഇവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കുകയാണുണ്ടാവാറെന്നും അരുന്ധതി പറഞ്ഞു.

യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് സ്‌പെഷ്യല്‍ സെല്‍ ഒന്നിന് പുറകേ ഒന്നായി നിരപരാധികള്‍ക്ക് നേരെ ഉന്നയിക്കുന്നതെന്ന് ജെ.ടി.എസ്.എ പ്രസിഡന്റ് മനീഷാ സേത്തി ആരോപിച്ചു.

നിരപരാധികള്‍ക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നിയിക്കുകയും അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ സി.ബി.ഐ, സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് കണ്ടാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനീഷാ സേത്തി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ അന്വേഷണം നടത്തി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സ്ഥാനക്കയറ്റമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ കൈപ്പറ്റിയെങ്കില്‍ അത് തിരച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.