ഗ്ലാമറിന്റെ പര്യായമായി വെള്ളിത്തിരയില്‍ ആടിപ്പാടി, ഒടുവില്‍ ദുരൂഹമരണത്തിന് കീഴടങ്ങിയ സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറയുന്ന’ദി ഡേര്‍ട്ടി പിക്ച്ചര്‍’ തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ സില്‍ക്ക് ആരാധകരെല്ലാം ആവേശത്തിലാണ്. ഇന്ത്യയില്‍ മാത്രമല്ല പുറത്തുമുണ്ട് സില്‍ക്കിന് ഏറെ ആരാധകര്‍. അവര്‍ക്കും ഇന്നുമുതല്‍ ചിത്രം കാണാം. പക്ഷെ പാക്കിസ്ഥാനില്‍ സില്‍ക്കിന് ആരാധകരുണ്ടെങ്കില്‍ അവര്‍ ഏറെ വിഷമത്തിലായിരിക്കും. കാരണം ഡര്‍ട്ടി പിക്ചര്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്നതുതന്നെ.

പാക്കിസ്ഥാന്‍ അവിടെ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയതാണ് റിലീസിങ്ങില്ലാത്തതിന് കാരണം. ചിത്രത്തിലെ ഗ്ലാമര്‍ രംഗങ്ങള്‍ തന്നെയാണ് നിരോധിക്കാന്‍ പ്രധാന കാരണം.

പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ സ്ത്രീകളെ അംഗീകരിക്കാനും സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനും തയ്യാറാകുന്നില്ലെന്നാണ് ഇതേക്കുറിച്ച് ചിത്രത്തിന്റെ പ്രോഡ്യൂസര്‍ എക്ത കപൂര്‍ പ്രതികരിച്ചത്. മറ്റേതൊരു ബോളിവുഡ് നടിയേക്കാളും ധൈര്യം പ്രകടമാക്കിയിരിക്കുകയാണ് വിദ്യാ ബാലന്‍ എന്നും എക്ത കപൂര്‍ അഭിപ്രായപ്പെട്ടു.

മിലന്‍ ലൂത്ര സംവിധാനം ചെയ്ത ചിത്രത്തില്‍ നസറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവരാണ് നായകവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രേഷ്മയായി എത്തുന്ന വിദ്യാ ബാലന്റെ ഗ്ലാമര്‍ പ്രദര്‍ശനം ചിത്രീകരണത്തിനിടെ തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനു ഈ ചിത്രത്തിലൂടെ ഒരിക്കല്‍കൂടി സില്‍ക്ക് വിവാദകോളങ്ങളില്‍ ഇടംപിടിക്കുകയാണ്. തങ്ങളുടെ അനുവാദമില്ലാതെ ഇങ്ങനെയൊരു ചിത്രം പുറത്തിറക്കിയതെന്നും പറഞ്ഞ് സില്‍ക്കിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചത് വാര്‍ത്തയായിരുന്നു. ചിത്രം പുറത്തിറങ്ങി. പുതിയ വിവാദങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ.

Malayalam News

Kerala News in English