കൊച്ചി: മലയാളത്തിലെ ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ- രഞ്ജിത് ശങ്കര്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രം ഞാന്‍ മേരി കുട്ടി റിലീസിന് ഒരുങ്ങുന്നതിനിടെ പടത്തിലെ കോസ്റ്റ്യും ഡിസൈനറും ജയസൂര്യയുടെ ഭാര്യയുമായ സരിതയെ ട്രോളി സംവിധായകന്‍ രഞ്ജിത് ശങ്കര്‍.

സരിതയുടേയും ജയസൂര്യയുടേയും ഡിസൈനര്‍ ഷോപ്പായ ‘സരിത ജയസൂര്യ’യുടെ പുതിയ പരസ്യത്തില്‍ ജയസൂര്യ മേരികുട്ടിയുടെ ലുക്കില്‍ എത്തിയതിനെയാണ് സംവിധായകന്‍ ട്രോളിയത്.

പടത്തില്‍ മേരികുട്ടിയെന്ന ട്രാന്‍സ് യുവതിയായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ ലുക്ക് പരസ്യ ബോര്‍ഡില്‍ ഉപയോഗിക്കുകയായിരുന്നു.


Also Read കുമ്പളങ്ങി നൈറ്റ്‌സുമായി ദിലീഷ് പോത്തന്‍; ഫഹദ് നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് നസ്രിയ


‘ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ’ എന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജിത് ശങ്കര്‍ ട്രോളിയിരിക്കുന്നത്. അടുത്ത മാസം 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസ്, സു.സു സുധീ വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇതിനു മുമ്പ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച ചിത്രങ്ങള്‍. ഇരുവരുടെയും വിതരണക്കമ്പനിയായ പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് നിര്‍മ്മാണം.