എഡിറ്റര്‍
എഡിറ്റര്‍
മലയാളം ‘കൊരച്ച് കൊരച്ച്’ അറിയുന്ന പുതുമുഖ നായികയെ വേണ്ട
എഡിറ്റര്‍
Monday 3rd March 2014 1:58pm

alphones-puthran

നല്ല പച്ചവെള്ളം പോലെ മലയാളമറിയുമെങ്കിലും ‘കൊരച്ച് കൊരച്ച്’ പറയുന്ന ഒരുപാട് നായികമാര്‍ നമുക്കുണ്ട്. അക്കൂട്ടത്തിലേക്ക് ഇനിയൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്താന്‍ കെല്‍പില്ലാഞ്ഞിട്ടാവണം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെയൊരു സ്റ്റാറ്റസിട്ടത്.

‘ഒരു ഫീച്ചര്‍ ഫിലിമിനായി പുതുമുഖനായിക വേണം. എന്നാല്‍ മലയാളം പറയാന്‍ അറിയാത്തവര്‍ വേണ്ട. അത്ര പരിഷ്‌കാരികളെ ആവശ്യമില്ലാത്തതിനാലാണ്’- ഇതാണ് അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റിന്റെ കേന്ദ്ര ഭാഗം.

അതേതായാലും കലക്കിയെന്നാണ് അല്‍ഫോണ്‍സിന്റെ ഫെയ്‌സ്ബുക്ക് ആരാധകര്‍ പറയുന്നത്.

‘സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍’ ഡബ്ബിങ് ആര്‍ടിസ്റ്റായി വേഷമിട്ട ശ്വേത മേനോന്‍ പറയുന്നതു പോലെ മലയാളത്തില്‍ എത്രയോ നല്ല നായികമാരുള്ളപ്പോള്‍ എന്തിനാണ് പുറത്തു നിന്നും മലയാളം അറിഞ്ഞൂടാത്തവരെ എടുക്കുന്നതെന്ന അഭിപ്രായക്കാര്‍ തന്നെയാണ് ഇവരിലധികവും എന്ന് കണക്കാക്കാം.

അല്‍ഫോണ്‍സിന് വേറെയുമുണ്ട് ചില അപ്രധാനമല്ലാത്ത കണ്ടീഷനുകള്‍. മേയ്ക്കപ്പിട്ടതോ ഫോട്ടോഷോപ്പ് ചെയ്തതോ ആയ ഫോട്ടോകള്‍ ദയവു ചെയ്ത് അയച്ചു തരരുത്. 16നും 25നും ഇടയില്‍ പ്രായമുള്ളവരാവണം… അങ്ങനെയങ്ങനെ.

തന്റെ വരാനിരിക്കുന്ന ‘പ്രേമം’ എന്ന ഫീച്ചര്‍ ഫിലിമിലേക്കാണ് അല്‍ഫോണ്‍സ് പുതുമുഖത്തെ തിരയുന്നത്.

എന്തായാലും 16നും 25നും ഇടയില്‍ പ്രായമുള്ള മെയ്ക്കപ്പിടാതെ ഫോട്ടോഷോപ്പ് ചെയ്യാതെ ഫോട്ടോ അയച്ചു കൊടുക്കാന്‍ താത്പര്യപ്പെടുന്ന പെണ്‍കുട്ടികളെ അല്‍ഫോണ്‍സിന് കിട്ടുമോ എന്നത് കണ്ടു തന്നെ അറിയണം.

നിവിന്‍ പോളിയും നസ്രിയയും ജോഡിയായി അഭിനയിച്ച അല്‍ഫോണ്‍സിന്റെ ‘നേരം’ സൂപ്പര്‍ ഹിറ്റായിരുന്നു.

Advertisement