ന്യൂദല്‍ഹി: പ്രത്യക്ഷ നികുതി ചട്ടം (ഡയറക്റ്റ് ടാക്‌സ് കോഡ്) 2012 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ചരക്ക് സേവന നികുതി(ജിഎസ്ടി) നടപ്പാക്കുന്നതു സംബന്ധിച്ച് ശ്രമം തുടരുകയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

“പ്രത്യക്ഷ നികുതി ചട്ടം സംബന്ധിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റി്‌പ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനു തന്നെ പുതിയ നികുതി സമ്പ്രദായത്തിനു തുടക്കമാകാം”.

“ചരക്ക് സേവന നികുതി നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ധനമന്ത്രിമാരുടെ കമ്മിറ്റിയുമായി ചര്‍ച്ച നടത്തി വരികയാണ്. സംസ്ഥാന അസംബ്ലി കൂടി അംഗീകരിച്ചാല്‍ മാത്രമേ ചരക്ക് സേവന നികുതി നടപ്പാക്കാന്‍ കഴിയൂ”. മന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടും മൂന്നും പാദങ്ങിലായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2011-12 വര്‍ഷത്തില്‍ 8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക് കൂട്ടുമ്പോള്‍ 8.2 ശതമാനം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ വിലയിരുത്തല്‍. എന്നാല്‍ സാമ്പത്തിക വളര്‍ച്ച ആദ്യ പാദത്തില്‍ 7.7ശതമാനം മാത്രമാണെന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 8.8 ശതമാനമായിരുന്നു.