ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ നിര സ്‌കോഷ് താരമായ ദീപിക റബേക്കാ പള്ളിക്കല്‍ലിന് കാലിഫോര്‍ണിയയില്‍ നടന്ന ഓറഞ്ച് കൗണ്ടി ഓപ്പണ്‍ സ്‌ക്വാഷ് കിരീടം. ഏഴ് വട്ടം യു.എസ് ചാംപ്യനായ ലടാഷാ ഖാനെ അട്ടിമറിച്ച് ഫൈനലിലെത്തിയ ഈജിപ്തിന്റെ കൗമാരതാരം യത്രെബ് ഏദലിനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.

ലോക 24-ാം നമ്പര്‍ താരമായ ദീപിക 11-6, 12-10, 11-9 എന്ന സ്‌കോറിനാണ് ഏദലിനെ കീഴടക്കിയത്. ജോഷ്‌ന ചിന്നപ്പക്ക് ശേഷം ലോക റാങ്കിങില്‍ ആദ്യ നൂറിനുള്ളില്‍ സ്ഥാനം പിടിച്ച ആദ്യ താരമായ ദീപിക ഈ വര്‍ഷം നേടുന്ന ആദ്യ പ്രധാന കിരീടമാണിത്.

സെമിയില്‍ ജപ്പാന്റെ മിസാകി കൊബായോഷിയെ പരാജയപ്പെടുത്തിയാണ് ദീപിക ഫൈനലില്‍ എത്തിയത്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ഫോം പ്രകടിപ്പിച്ച ദീപിക ഒരു സെറ്റു പോലും വിട്ടുകൊടുക്കാതെയാണ് കിരീടം നേടിയത്.