തിരുവനന്തപുരം : കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അടുത്ത മാസം 22ന് തറക്കല്ലിടുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നത തല സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ചര്‍ച്ചയില്‍ മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ.എച്ച് മുനിയപ്പ, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ കെ.വി തോമസ്, കെ.സി വേണുഗോപാല്‍, എം.പിമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

തിരുവനന്തപുരം കന്യാകുമാരി റെയില്‍വേ പാത ഉടന്‍ വൈദ്യുതീകരിക്കുമെന്നും നിലമ്പൂര്‍ തിരുവനന്തപുരം എക്‌സ്പ്രസ് ഒക്ടോബര്‍ 23ന് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ റെയില്‍വേ സോണ്‍ ഉടനുണ്ടാവില്ല. കേരളത്തില്‍ നോഡല്‍ ഓഫീസറെ ഉടന്‍ നിയമിക്കും. പാലക്കാട് – മംഗലാപുരം ഇന്റര്‍സിറ്റിയും ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസ് തുടങ്ങും. എന്നിവയാണ് യോഗത്തിലെ മററു തീരുമാനങ്ങള്‍.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ റയില്‍ ഇടനാഴി പദ്ധതിയില്‍ റയില്‍വേ കൂടി പങ്കാളിയാകണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിശോധിക്കാമെന്ന് ദിനേശ് ത്രിവേദി വ്യക്തമാക്കി. 20,000 കോടി രൂപയുടെ പദ്ധതിയാണിത്. സുരക്ഷയ്ക്ക് റയില്‍വേ മുഖ്യ പരിഗണന നല്‍കുന്നതായും ആളില്ലാത്ത ലെവല്‍ ക്രോസുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനായി ലെവല്‍ ക്രോസുകളില്‍ ജീവനക്കാരനെ നിയമിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചര്‍ച്ച ഏറ്റവും പ്രയോജനകരവും ആശാവഹവുമാണെന്ന് കേന്ദ്രമന്ത്രിക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.