ചെന്നൈ: ചെന്നൈയില്‍ കരസേന ക്വാട്ടേഴ്‌സില്‍ പതിമൂന്നുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ റിട്ടയേര്‍ഡ് കരസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റിട്ടയേര്‍ഡ് ലഫ്റ്റ്‌നന്റ് കേണല്‍ രാമരാജുവിനെയാണ് മധുരയിലേക്കുളള യാത്രാമധ്യേ തമിഴ്‌നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജൂലൈ മൂന്നിനാണ് ഐലന്‍ഡ് ഗ്രൗണ്ടിന് സമീപത്തെ കരസേന ക്വാര്‍ട്ടേഴ്‌സില്‍് ദില്‍ഷന്‍ (13) എന്ന കുട്ടി വെടിയേറ്റ് മരിച്ചത്.

രാമരാജു വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് നഗരത്തിലെ കൂവ നദിയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം സംഭവത്തിലെ പ്രതിയെന്ന് നേരത്തെ സംശയിച്ചിരുന്ന അജയ്‌സിങ്ങിനോടൊപ്പം രാമരാജുവും ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളാണ് വെടിവെച്ചതെന്ന് കണ്ടെത്തിയത്.

കുറേ നാളുകളായി ആര്‍മി ക്വാട്ടേഴ്‌സില്‍ താമസിക്കുകയായിരുന്നു റിട്ടയേര്‍ഡ് കരസേന ഉദ്യോഗസ്ഥന്‍. തൊട്ടടുത്ത ചേരിയില്‍ നിന്നു പലപ്പോഴും കുട്ടികള്‍ മതില്‍ ചാടിക്കടന്നു മാങ്ങയും ബദാമും പറിക്കാന്‍ ഇവിടെ എത്താറുണ്ട്. ഇത് പലപ്പോഴും രാമരാജുവിനെ പ്രകോപ്പിക്കാറുണ്ടായിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകുന്നതിനിടയിലാണ് രാമരാജു വെടിവെച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ദില്‍ഷന്റെ മരണം സമീപവാസികളില്‍ വന്‍പ്രതിഷേധമുയര്‍ത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന പ്രതിഷേധവുമായി ആശുപത്രിയിലെത്തിയ ജനക്കൂട്ടവുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനു പരുക്കേല്‍ക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയുമുണ്ടായി. തുടര്‍ന്നു മുഖ്യമന്ത്രി ജയലളിത പ്രശ്‌നത്തില്‍ ഇടപെട്ടു. പതിമൂന്നുകാരനായ ബാലന്‍ തീവ്രവാദിയോ ഭീകരനോ അല്ലെന്ന് എളുപ്പത്തില്‍ തിരിച്ചറിയാമെന്നിരിക്കെ, സൈനികന്‍ വെടിയുതിര്‍ത്തത് അപലപനീയമാണെന്നു ജയലളിത പറഞ്ഞു. ദില്‍ഷന്റെ കുടുംബത്തിന് അവര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ച ദില്‍ഷന്‍ ചെന്നൈ വൈ എം സി എ സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.