കോട്ടയം: വിവാഹബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം വൈക്കത്ത് ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദില്‍നയെന്ന യുവതി ഗുരുതരാവസ്ഥയില്‍.

തലയില്‍ മര്‍ദ്ദനമേറ്റ ദില്‍നയെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

തലയ്ക്ക് ഏറ്റ ക്ഷതം ഗുരുതരമായതിനാല്‍ ഇവരെ കഴിഞ്ഞ ദിവസം തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെയും കാര്യമായ ചികിത്സ ലഭിക്കാതെ വന്നതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും സ്‌ക്യാന്‍ അടക്കമുള്ള പരിശോധന നടത്തുകയും ചെയ്തതോടെയാണ് തലയില്‍ ആന്തരിക രക്തസ്രാവം ഉള്ളതായി കണ്ടെത്തിയത്.


Dont Miss വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


ഈ സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം ഭര്‍ത്താവിന്റെ മര്‍ദ്ദത്തില്‍ ഗുരുതരപരിക്കേറ്റിട്ടും അയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന ആരോപണവുമുണ്ട്.

ദില്‍നയുടെ ഭര്‍ത്താവിനെതിരെ ഐ.പി.സി 498,354 എന്നീ വകുപ്പുകള്‍ പ്രകാരം മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുണ്ടെന്ന് മൊഴി നല്കിയിട്ടും ഐടി ആക്ട് പ്രകാരം കേസ് എടുക്കാനും പൊലീസ് തയ്യാറായിട്ടില്ലെന്നും ദില്‍ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം വൈക്കത്തെ ഒരു റിസോര്‍ട്ടില്‍ വെച്ച് മലപ്പുറം സ്വദേശിയായ ദില്‍നയെ ഭര്‍ത്താവ് അഭിജിത്ത് മര്‍ദ്ദിക്കുന്നത്.

വിവാഹത്തിനായി തന്നെ മതം മാറ്റുകയായിരുന്നെന്നും എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ അമൃതാനന്ദമയി നിര്‍ദ്ദേശിച്ചെന്ന് പറഞ്ഞ് ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും തന്നോട് ബന്ധമൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഇതിന് വിസ്സമതിച്ചതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നും ദില്‍ന പറഞ്ഞിരുന്നു.


Dont Miss ഹാദിയയുടെ വീട്ടില്‍ സ്ത്രീകളുടെ പ്രതിഷേധം: തന്നെ രക്ഷിക്കൂവെന്ന് ജനലിലൂടെ ഹാദിയ- വീഡിയോ കാണാം


മൂന്ന് വര്‍ഷം മുന്‍പാണ് മലപ്പുറം സ്വദേശി ദില്‍നയും കോഴിക്കോട് സ്വദേശി അഭിജിത്തും വിവാഹിതരാകുന്നത്. കോഴിക്കോട്ടെ ആര്യസമാജത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

ക്രിസ്ത്യന്‍ മതവിശ്വാസിയായ ദില്‍ന വിവാഹത്തിനായി മതം മാറിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം ആവശ്യപ്പെട്ട് ദില്‍നയ്ക്ക് അഭിജിത്ത് നോട്ടീസ് അയച്ചു. എന്നാല്‍ ഇതിന് സമ്മതിക്കാതെ വന്നതോടെ തന്നെ മാനസികമായും ശാരീരികമായും അഭിജിത്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് ദില്‍ന പറയുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദില്‍ന സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം നടത്താന്‍ വൈക്കം പൊലീസ് തയ്യാറായിരുന്നില്ല.