ന്യൂദല്‍ഹി: വിലക്കയറ്റത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദില്ലി ചലോ ദേശീയ പ്രക്ഷോഭം ആരംഭിച്ചു. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിലക്കയറ്റത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ധവള പത്രമിറക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു.

രാവിലെ രാം ലീലാ മൈതാനത്തു നിന്ന് ജന്തര്‍മന്തര്‍ വരെ റാലി നടന്നു. പാര്‍ലിമെന്റില്‍ നിന്ന് ഇറങ്ങി വന്ന നേതാക്കള്‍ ജന്തര്‍മന്തറില്‍ റാലിയെ അഭിസംബോധന ചെയ്യുകയാണ്. ആയിരക്കണക്കിനാളുകളാണ് പ്രക്ഷോഭത്തിന് അണിനിരന്നത്. വിലക്കയറ്റം തടയാന്‍ പെട്രോള്‍ വില വര്‍ധന പിന്‍വലിക്കുക, പൊതുവിതരണ സമ്പ്രദായം ശക്തമാക്കുക എന്നീ ആവശ്യങ്ങളാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്.

സി പി ഐ എം, സി പി ഐ, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ടികളുടെ നേതൃത്വത്തിലാണ് ദേശീയ പ്രക്ഷോഭം. ഏറെക്കാലത്തിനുശേഷമാണ് ഇടതുപാര്‍ടികള്‍ സംയുക്തമായി ദല്‍ഹിയില്‍ വന്‍ റാലി സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ ഇടതുപക്ഷം നടത്തുന്ന പ്രക്ഷോഭം മതനിരപേക്ഷ കക്ഷികളുമായി സഹകരിച്ച് വിപുലപ്പെടുത്തുമെന്ന് യെച്ചൂരി പറഞ്ഞു.