സത്യസായി ബാബയുടെ ജീവിത കഥയില്‍ മോഹന്‍ ലാലിന് പകരം ദിലീപ് അഭിനയിച്ചേക്കും. ബാബ സത്യ സായി എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ അഭിനയിക്കുമെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോഹന്‍ ലാല്‍ പിന്മാറിയ സാഹചര്യത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ ദിലീപിനെ സമീപിച്ചിരിക്കുകയാണ്. ഇതിനായി 7 കോടിയാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രൊജക്ടിനെ പറ്റി കൂടുതല്‍ പഠിച്ച ശേഷമേ ദിലീപ് സമ്മതിക്കൂ എന്നാണ് വിവരം. ദിലീപ് സമ്മതം മൂളിയാല്‍ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നാലു ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ സംവിധായകന്‍ കോഡി രാമകൃഷ്ണനാണ്. ഇദ്ദേഹം മുമ്പ് സംവിധാനം ചെയ്ത അരുന്ധതി സൂപ്പര്‍ ഹിറ്റായിരുന്നു.

സിനിമയില്‍ നിന്ന് ലാല്‍ പിന്മാറാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. അടുത്തിടെ സിനിമയില്‍ കൂടുതല്‍ സെലക്ടീവാകുമെന്ന് താരം പറഞ്ഞിരുന്നു. അത്‌കൊണ്ടാണ് പിന്മാറിയതെന്നും അതല്ല പ്രതിഫലത്തര്‍ക്കമാണ് കാരണമെന്നും പറയപ്പെടുന്നു.

സിനിമയില്‍ സത്യസായി ബാബയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയ് ആണ്.