സനുഷ നായികയാവുന്ന ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ ഇന്ന് തീയേറ്ററുകളിലെത്തും. വര്‍ണ്ണചിത്ര ബിഗ്‌സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍, നെല്‍സണ്‍ ഐപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്ധ്യാ മോഹനാണ്.

Ads By Google

ബാലതാരമായി ശ്രദ്ധേയയായ സനുഷ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണ് മിസ്റ്റര്‍ മരുമകന്‍. ചിത്രത്തില്‍ രാജലക്ഷ്മി എന്ന കഥാപാത്രത്തെയാണ് സനുഷ അവതരിപ്പിക്കുന്നത്.

പുരുഷ വിദ്വേഷികളായ മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം അഹങ്കാരിയായാണ് രാജലക്ഷ്മി വളര്‍ന്നത്. ഇവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ചെറുപ്പക്കാരനാണ് അശോക്( ദിലീപ്). തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.

ഖുഷ്ബു, ഭാഗ്യരാജ്, ബിജുമേനോന്‍, നെടുമുടി വേണു, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, ഹരിശ്രീ അശോകന്‍, സായ്കുമാര്‍, ഷീല എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ ചെയ്യാനിരുന്ന വേഷമാണ് ബാബുരാജ് അവതരിപ്പിക്കുന്നത്.

അടുത്ത കാലത്തിറങ്ങിയ ദിലീപിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മായാമോഹിനിയുടെ തിരക്കഥ തയ്യാറാക്കിയ സിബി- ഉദയന്‍ ടീം തന്നെയാണ് മരുമകനും തിരക്കഥയെഴുതിയിരിക്കുന്നത്.

മലയാളത്തില്‍ ആസിഫ് അലിക്കൊപ്പം ഇഡിയറ്റ്‌സ്, തമിഴില്‍ കാര്‍ത്തി നായകനാകുന്ന അലക്‌സ് പാണ്ഡ്യന്‍, തെലുങ്കില്‍ മറ്റൊരു ബിഗ്ബജറ്റ് ചിത്രം എന്നിവയാണ് സനുഷയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.