കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. അങ്കമാലി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.ഈ മാസം 25 വരെ ദിലീപിനെ റിമാന്‍ഡ് ചെയ്തു

ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. നടിക്കെതിരെ പരസ്യമായി ദിലീപ് രംഗത്ത് വന്നിട്ടുണ്ടെന്ന കാര്യവും പ്രോസിക്യൂഷന്‍.

ദിലീപ് നടിയെ കുറിച്ച് അഭിമുഖങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണ്. ഇത്തരത്തില്‍ സംഭവിച്ചവര്‍ മിണ്ടാതിരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുമായിരുന്നുവെന്നാണ് ദിലീപ് അഭിമുഖങ്ങളില്‍ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപിനായി സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായി പ്രചരണം നടക്കുന്നെന്നും കസ്റ്റഡിയില്‍ ഇങ്ങനെയാണെങ്കില്‍ ജാമ്യം ലഭിച്ചാലുള്ള അവസ്ഥയെന്താകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

ദിലീപിനെതിരെയുള്ളത് ഒരു കൊടുംകുറ്റവാളിയുടെ മൊഴിയാണ്. അത് വിശ്വസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് മുഴുവന്‍ കളവാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ദിലീപിന്റെ രണ്ട് ഫോണ്‍ പ്രതിഭാഗം ഹാജരാക്കിയിട്ടുണ്ട്. ഫോണ്‍ കണ്ടെടുക്കാന്‍ റെയ്ഡ് നടക്കുന്നെന്നും അതുകൊണ്ട് ഫോണ്‍ ഹാജരാക്കുന്നെന്നും പ്രതിഭാഗം പറഞ്ഞു.


Also read ദിലീപിന്റെ ഡി സിനിമാസിനെതിരായ ആരോപണത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം


നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ ദിലീപിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി അനുവദിച്ചിരുന്നത്.

കഴിഞ്ഞ ദിവസം കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുകയായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.

പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ഒരു ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി നല്‍കി. മൂന്ന് ദിവസത്തെ കസ്റ്റഡി ആയിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. ഇന്നലെ ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന വാദവും പോലീസ് ഉയര്‍ത്തിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പള്‍സര്‍ സുനി ദിലീപിന് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്വട്ടേഷന് ദിലീപ് വാഗ്ദാനം ചെയ്ത പണം സുനിക്ക് നല്‍കിയിട്ടില്ലെന്നും ജാമ്യത്തിലിറങ്ങിയാല്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചേക്കുമെന്നും അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന ദിലീപ് തെളിവുകള്‍ നിരത്തിയുള്ള പൊലീസിന്റെ ചോദ്യത്തോട് പ്രതികരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.