തൃശ്ശൂര്‍: നടിക്കെതിരായ ആക്രമണ സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് നടന്‍ ദിലീപ്. സത്യം പുറത്തു കൊണ്ടുവരേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണെന്നും പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം കുത്തിവയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്നും ദിലീപ് പറഞ്ഞു.

തൃശ്ശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ഓഡീയോ ലോഞ്ചിംഗ് ചടങ്ങിനിടെയായിരുന്നു വികാരഭരിതനായി ദിലീപ് സംസാരിച്ചത്. തന്നെ വളര്‍ത്തി വലുത്താക്കിയ പ്രേക്ഷകരോട് മാത്രമാണെന്നും ദിലീപ് പറഞ്ഞു.

നടിക്കെതിരെയുള്ള ആക്രമണത്തില്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നു പറഞ്ഞ ദിലീപ് മുംബൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രമാണ് ഗൂഢാലോചനയുടെ ഉറവിടമെന്നും ആരോപിച്ചു.

ഇത്രയധികം ശത്രുക്കള്‍ തനിക്കുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും തന്റെ ഇമേജ് തകര്‍ക്കാനുള്ള ക്വട്ടേഷന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ആരോപണം പുറത്തുവന്നതു മുതല്‍ ജീവിതം മടുത്തതു പോലെയാണെന്നും മകളും സഹോദരിയു അമ്മയുമുള്ള ആളാണ് താനെന്നും ദിലീപ് പറഞ്ഞു.


Also Read: വീരപ്പനെക്കാളും വലിയ ശത്രുവായിരുന്നു താന്‍, പൊലീസില്‍ നിന്നും ഒരു സൂചിത്തുമ്പോളം പോലും സഹായം ലഭിച്ചിരുന്നില്ല: വീരപ്പനെ പിടികൂടാന്‍ സഹായിച്ചിട്ടില്ലെന്ന് മഅ്ദനി


നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിന്റെ വീട്ടില്‍ പൊലീസ് മഫ്തിയിലെത്തി പരിശോധന നടത്തിയെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളെ തള്ളിക്കളഞ്ഞു കൊണ്ട് ദിലീപ് തന്നെ രംഗത്തെത്തുകയായിരുന്നു.