എഡിറ്റര്‍
എഡിറ്റര്‍
സുനി ദിലീപിന് അയച്ച കത്ത് തയ്യാറാക്കിയത് സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥി
എഡിറ്റര്‍
Sunday 25th June 2017 9:45am

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥി.

സുനി ദിലീപിന് അയച്ച കത്തിലെ കയ്യക്ഷരം സുനിയുടേതല്ല. വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ വിദ്യാര്‍ത്ഥി തന്നെയാണ്.

ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്.

തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം അഞ്ചുമാസത്തിനുള്ളില്‍ നല്‍കണമെന്നും സുനി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് കാക്കനാടുള്ള ദിലീപിന്റെ കടയില്‍ ചെന്നിരുന്നെന്നും അപ്പോള്‍ എല്ലാവരും ആലുവയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സുനി കത്തില്‍ പറയുന്നു.

വളരെ ബുദ്ധിമുട്ടിയാണ് താന്‍ ഈ കത്ത് കൊടുത്തുവിടുന്നതെന്നും ഈ കത്തു കൊണ്ടുവന്നവന് കേസിനെപ്പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും തനിയ്ക്കുവേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂവെന്നും കത്തില്‍ പറഞ്ഞിരുന്നു.


Dont Miss ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി ‘നുണ’യാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്


ഈ കേസില്‍ പെട്ടതോടുകൂടി തന്റെ ജീവിതം തന്നെ അവസാനിപ്പിച്ചതുപോലെയാണെന്നും തന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചുപേരെ തനിക്ക് സേഫ് ആക്കിയേപറ്റൂവെന്നും കത്തില്‍ പറഞ്ഞിരുന്നു.

‘എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേയ്ക്ക് വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷായെ വിളിച്ചു കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടുന്നും എനിയ്ക്ക് മറുപടി ഒന്നും വന്നില്ല. ഫോണ്‍ വിളിക്കാത്തതിനു കാരണം എന്താണെന്ന് അറിയാമല്ലോ. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാല്‍ മതി.

എന്നെ ശത്രുവായിട്ട് കാണുന്നോ മിത്രമായിട്ടു കാണുന്നോ എനിക്ക് എനിയ്ക്ക് അറിയേണ്ട കാര്യമില്ല. എനിയ്ക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ അടുത്തേയ്ക്ക് ഒരു ആളെ വിടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. ഈ കത്ത് കിട്ടിക്കഴിഞ്ഞ് മൂന്നു ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിയ്ക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരംവരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.’

ഞാന്‍ ഒരാഴ്ച കഴിഞ്ഞാല്‍ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടന്‍ ആലോചിച്ച് തീരുമാനം എടുക്കുക. എനിയ്ക്ക് ചേട്ടന്‍ തരാമെന്നു പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചുമാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിയ്ക്കും. അപ്പോള്‍ എനിയ്ക്ക് തീരുമാനം അറിയണം’- എന്നും കത്തില്‍ പറഞ്ഞിരുന്നു.

Advertisement