കൊച്ചി: സിനിമതാരത്തിനെതിരായ ആക്രമണം സ്വന്തം വീട്ടിന് അകത്ത് തന്നെ നോക്കാന്‍ പ്രരിപ്പിക്കുകയാണെന്ന് ദിലീപ്. സിനിമാ രംഗത്തെ ഒരാള്‍ക്ക് നടന്നുവെന്നതിലുപരിയായ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത് സംഭവിച്ചു എന്നതാണ് കൂടുതല്‍ വിഷമകരമെന്നും ദിലീപ് പറഞ്ഞു.

നടിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ദിലീപ് ആരോപിച്ചു. ഇനിയൊരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്നും അതിനായ് ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. മമ്മൂട്ടി, കമല്‍, രഞ്ജിത്ത്, മഞ്ജു വാര്യര്‍, ഇന്നസെന്റ് തുടങ്ങിയവര്‍ നടിക്ക് പിന്തുണയര്‍പ്പിച്ച് സംസാരിച്ചു.