തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ ദിലീപിന്റെ അമ്മ കത്തയച്ചു. തന്റെ മകന്‍ നിരപരാധിയാണെന്ന് കാണിച്ചാണ് കത്തയച്ചിരിക്കുന്നത്. കത്ത് ഡി.ജി.പിക്ക് കൈമാറി.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം കഴിഞ്ഞ ദിവസം ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. ദിലീപിനെ കാണാന്‍ എത്തിയത്. ജയില്‍വാസം നീളുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.


Dont Miss ഇന്ത്യന്‍ ദേശീയ പതാകയും ‘മെയ്ഡ് ഇന്‍ ചൈന’ ; ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്ന സംഘികള്‍ അറിയാന്‍


നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സഹോദരന്‍ അനൂപ് ആണ് ദിലീപിനെ കാണാന്‍ എത്തിയിരുന്നത്.

ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടു തവണയും കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ദിലീപിനായി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി രാമന്‍പിള്ള അസോസിയേറ്റ്സിനെ കേസേല്‍പിച്ചു. രാമന്‍പിള്ള അസോസിയേറ്റ്സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം ദിലീപിന് ജാമ്യം ലഭിക്കുന്ന സാഹചര്യമൊഴിവാക്കാന്‍ അന്വേഷണ സംഘം കുറ്റപത്രം നേരത്തേ സമര്‍പ്പിക്കാനും നീക്കം നടത്തുന്നുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നെന്നാണറിയുന്നത്.