തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസിന് നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം പുറത്ത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്കും കേസന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ കത്തിലുള്ളത്.


Also Read: ‘ഇത് അസാധാരണ നടപടി തന്നെ’; ജനയുഗത്തിലെ കാനത്തിന്റെ എഡിറ്റോറിയലിനെ വിമര്‍ശിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍


കഴിഞ്ഞ മാസം 18ന് നല്‍കിയ കത്തിന്റെ പൂര്‍ണരൂപമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് തന്നെ കുടുക്കിയതിനു പിന്നില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും സന്ധ്യയുമാണെന്ന് 12 പേജുള്ള കത്തില്‍ ദിലീപ് ആരോപിക്കുന്നത്. ബെഹ്‌റ നീതി പൂര്‍വ്വം പെരുമാറിയില്ലെന്നു പറയുന്ന കത്തില്‍ എ.ഡി.ജ.പി സന്ധ്യ വ്യാജ തെളിവുകള്‍ നിര്‍മ്മിക്കുന്ന വ്യക്തിയാണെന്നും ആരോപിക്കുന്നു.

തന്നെ കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ ഫോണിലൂടെയും നേരിട്ടും ഇ -മെയില്‍ വഴിയും ബെഹ്‌റയ്ക്ക് പരാതികള്‍ നല്‍കിയിരുന്നെന്നും പക്ഷേ അദ്ദേഹം ഒരു നടപടിയും എടുത്തില്ലെന്നും ദിലീപ് പറയുന്നു.

ബെഹ്‌റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കേസില്‍ താന്‍ പ്രതിയാവില്ലായിരുന്നു. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തന്നെ പ്രതിയാക്കുകയായിരുന്നു.

പള്‍സര്‍ സുനി ഭീഷണിയുടെ സ്വരത്തില്‍ സംവിധായകന്‍ നാദിര്‍ഷായെ ഏപ്രില്‍ പത്തിനാണ് വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡി.ജി.പിയെ ഫോണില്‍ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ടു കണ്ട് പരാതി നല്‍കി. ഏപ്രില്‍ 18, 20, 21 ദിവസങ്ങളില്‍ ലഭിച്ച ബ്ലാക്ക്‌മെയില്‍ ഫോണ്‍വിളികളുടെ ശബ്ദരേഖയും ഡി.ജി.പിക്കു കൈമാറിയിരുന്നു. ഈ ശബ്ദരേഖ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ദിലീപ് പറയുന്നു.

സ്വന്തം കീര്‍ത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുക സന്ധ്യയുടെ പതിവ് രീതിയാണ്. തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണ്.


Dont Miss: മമതയുടെ സാന്‍ട്രോ കാറില്‍ എയര്‍പോര്‍ട്ടിലേക്ക് ലിഫ്റ്റ് അടിച്ച് ഷാരൂഖ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ


ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സന്ധ്യയും സംഘവുമാണ്. വാര്‍ത്താചാനലുകള്‍ പൊലീസ് ക്ലബ്ബില്‍ നിന്ന് തത്സസമയ സംപ്രേക്ഷണം നടത്തിയതും അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണ്. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലും താനാണെന്ന് വരുത്താന്‍ അന്വേഷണസംഘം ശ്രമിച്ചു.

പരസ്പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്‌റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തില്‍ നിന്ന് ഇത് മനസിലാക്കാവുന്നതേയുള്ളൂ എന്നും ദിലീപ് പറയുന്നു. പൊതുജനമദ്ധ്യത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമിട്ടാണ് അറസ്റ്റിനുശേഷം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് എന്ന പേരില്‍ കൊണ്ടുപോയത്. അത് അവര്‍ ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു.

സന്ധ്യയുടെ താല്പര്യപ്രകാരം തനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചത് ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശനും ഡിവൈ.എസ്.പി. സോജന്‍ വര്‍ഗീസുമാണെന്നും ദിലീപ് കത്തില്‍ ആരോപിക്കുന്നു. നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റിനിറുത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും ദിലീപ് കത്തില്‍ പറയുന്നു.