കൊടുങ്ങല്ലൂര്‍: നടന്‍ ദിലീപും ഭാര്യ കാവ്യാ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ഇരുവരും എത്തിയത്.

വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. ക്ഷേത്രത്തില്‍ 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. തുടര്‍ന്ന് ശത്രുസംഹാരപൂജയും പുഷ്പാഞ്ജലി അടക്കമുള്ള വഴിപാടുകളും നടത്തി അഞ്ചുമണിയോടെ ഇവര്‍ മടങ്ങുകയായിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെയാണ് ഇരുവരും ക്ഷേത്രസന്ദര്‍ശനത്തിന് എത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യുമെന്നും കാവ്യയെ ചോദ്യം ചെയ്യാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Must Read: മതവിദ്വേഷം കലര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്: പശ്ചിമ ബംഗാളിലെ സംഘര്‍ഷത്തിന് കാരണം ബി.ജെ.പിയെന്ന് മമത ബാനര്‍ജി


കഴിഞ്ഞദിവസം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലും വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഇരുവരും ഒരുമിച്ച് ക്ഷേത്രസന്ദര്‍ശനത്തിന് എത്തിയത്.

ദിലീപ് ഇടയ്ക്കിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. സാധാരണയായി എത്തുന്നതിനു മുമ്പാകെ ക്ഷേത്രം അധികൃതരെ വിളിച്ച് അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആരെയും അറിയിക്കാതെയാണ് ക്ഷേത്രത്തിലേക്കു കടന്നത്.

കാവ്യയുമായുള്ള വിവാഹശേഷം ദിലീപ് ആദ്യമായാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.