എഡിറ്റര്‍
എഡിറ്റര്‍
‘ദിലീപ് ഒരു ഒറ്റപ്പെട്ട സംഭവമല്ല’; തിരശ്ശീലയ്ക്ക് പിന്നിലെ താരങ്ങളുടെ പൊയ് മുഖങ്ങള്‍ മുമ്പും വീണുടഞ്ഞിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്
എഡിറ്റര്‍
Thursday 13th July 2017 5:09pm

തിരുവനന്തപുരം: മലയാള സിനിമാ മേഖലയെ പിടിച്ചു കുലുക്കിയിരിക്കുകയാണ് നടിക്കെതിരെയുണ്ടായ ആക്രമണവും തുടര്‍ന്ന് നടന്‍ ദിലീപിന്റെ അറസ്റ്റില്‍ വരെ എത്തിച്ച സംഭവ വികാസങ്ങള്‍. ഗ്ലാമര്‍ ലോകത്തിന്റെ പിന്നിലെ ദുര്‍ഗ്ഗന്ധം വമിക്കുന്ന കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

എന്നാല്‍ ദിലീപ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ മുതല്‍ ഷൈനി അഹൂജ വരെ നിരവധി താരങ്ങള്‍ സമാനമായ ലൈംഗിക അതിക്രമ കേസുകളിലും അതിക്രമ കേസുകളിലും നിറഞ്ഞു നിന്നവരാണ്. പ്രമുഖ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.

2005 ല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ പിടിക്കപ്പെട്ടത് പ്രശസ്ത താരം ശക്തി കപൂറും അമാന്‍ വര്‍മ്മയുമായിരുന്നു. സിനിമയില്‍ അവസരം നല്‍കാം എന്ന വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇരുവരുടേയും ദൃശ്യങ്ങള്‍ പുറത്തു വരികയായിരുന്നു. സിനിമാ മോഹിയായി ഇവര്‍ക്കു മുന്നിലെത്തിയത് മാധ്യമ പ്രവര്‍ത്തകയായിരുന്നു.


Also Read:  ‘എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത് പറയുന്നത്’; തെളിവെടുപ്പിന് എത്തിച്ച ദിലീപ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട്, വീഡിയോ കാണാം


സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നിരവധി നടിമാരും നടന്മാരും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട. മലയാളി നടിയായ പാര്‍വ്വതിയും റായി ലക്ഷ്മിയുമെല്ലാം തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പുതുമുഖ ഹിന്ദി നടന്‍ ആഷിഷ് ബിഷ്ട് തന്നോടും ചില നിര്‍മ്മാതാക്കളും മേഖലയിലെ പ്രമുഖരും ഇത്തരം ആവശ്യങ്ങള്‍ പറഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.

ജനുവരിയില്‍ ചെന്നൈ എക്‌സ്പ്രസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കരീം മൊറാനിയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.

ബോളിവുഡില്‍ കത്തി നില്‍ക്കെയായിരുന്നു ഷൈനി അഹൂജയ്‌ക്കെതിരെ കേസ് വരുന്നത്. 2009 ലായിരുന്നു സംഭവം. ഷൈനിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് പെണ്‍കുട്ടി പരാതി പിന്‍വലിച്ചെങ്കിലും കുറ്റക്കാരനെന്ന് കോടതി വിധിക്കുകയായിരുന്നു. ഏഴുവര്‍ഷം കഠിന തടവായിരുന്നു ശിക്ഷയായി വിധിച്ചത്.

പിപ്പീലി ലൈവിന്റെ സഹസംവിധായകന്‍ മഹമ്മൂദ് ഫാറൂഖിക്കെതിരേയും സമാനമായ ആരോപണമുണ്ടായിരുന്നു. കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നുമെത്തിയ ഗവേഷക നല്‍കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷിച്ച ശേഷം ഏഴു വര്‍ഷത്തേക്ക് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് ഫാറൂഖി പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോഴും കേസുമായു മുന്നോട്ട് പോവുകയാണ്.

ദേശീയ പുരസ്‌കാരംം നേടിയ ചിത്രമായ ഫാഷന്റെ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറിനെതിരേയും ആരോപണമുണ്ടായിരുന്നു. പ്രീതി ജെയ്ന്‍ എന്ന മോഡലായിരുന്നു സിനിമാ വാഗ്ദാനം നല്‍കി ഭണ്ഡാര്‍ക്കര്‍ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചത്. എന്നാല്‍ പി്ന്നീട് മധുറിന്റെ കൊലപാതക ശ്രമക്കേസില്‍ പ്രീതിയെ മൂന്ന് വര്‍ഷത്തെ ശിക്ഷയ്ക്ക് കോടതി വിധിച്ചതോടെ കേസ് മാറി മറയുകയായിരുന്നു.

ആഷിഖി ടുവിലെ മധുര ഗാനങ്ങള്‍ ഈണം നല്‍കി പാടിയ അങ്കിത് തിവാരിയ്‌ക്കെതിരെയും ലൈംഗിക അതിക്രമ കേസുണ്ടായിരുന്നു. 2014 ല്‍ അഡ്വര്‍ടൈംസിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. പിന്നീട് അദ്ദേഹത്തെ കേസില്‍ നിന്നും വെറുതെ വിടുകയായിരുന്നു. വാണ്ടഡില്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച ഇന്ദര്‍ കുമാറിനെതിരെ പരാതി നല്‍കിയത് മോഡലായിരുന്നു. സിനിമ വാഗ്ദാനമായിരുന്നു അവിടേയും പ്രശ്‌നം.

സംവിധായകരായ സുഭാഷ് കപൂര്‍, ദേശീയ അവര്‍ഡ് ജേതാവായ ഒനിര്‍ ദാര്‍, വികാസ് ബാല്‍, തുടങ്ങിയവരും സമാനമായ രീതിയില്‍ കുറ്റാരോപിതരയാവരാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാറും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

സ്‌ഫോടനകേസില്‍ അകത്തായ സൂപ്പര്‍ താരം സഞ്ജയ് ദത്തും മാന്‍ വേട്ടയ്ക്കും ഹിറ്റ് ആന്‍ഡ് റണ്‍ കേസിലും പ്രതിയായ സല്‍മാന്‍ ഖാനുമെല്ലാം വെള്ളിത്തിരയക്ക് പുറത്തെ അപ്രീയ താരങ്ങളായി മാറിയവരാണ്.

Advertisement