കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ സിനിമാപ്രവര്‍ത്തകര്‍ കൂട്ടത്തോടെ നടന്‍ ദിലീപിനെ കാണുന്നതിനെതിരെ എഴുത്തുകാരി ഡോ. എം സുമിത്ര. പാലിയം സത്യാഗ്രഹത്തിനു പട നയിച്ചതിനല്ല ദിലീപിനെ വിലങ്ങുവച്ചതെന്നും നിയമസഹായം നിഷേധിക്കപ്പെട്ട ഇരയല്ല ദിലീപെന്നും സുമിത്ര പ്രതികരിച്ചു.

മാതൃഭൂമി ഓണ്‍ലെനിലെ ലേഖനത്തിലാണ് സുമിത്രയുടെ പ്രതികരണം. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഓണസമ്മാനവുമായി എത്ര നടന്‍മാര്‍ പോയി എന്നും സുമിത്ര ചോദിക്കുന്നു. ഇന്നലെ നടന്‍ ജയറാം ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കാറുണ്ട് എന്നായിരുന്നു ജയറാമിന്റെ മറുപടി.


Also Read: ‘മകളേ..നിന്നെ താരാട്ടുപാടി ഉറക്കാന്‍ എനിക്ക് കഴിയില്ലായിരിക്കാം; എങ്കിലും നിന്റെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ഞാനൊപ്പമുണ്ട് ‘; ഗൗതം ഗംഭീര്‍


ഒറ്റരാത്രി കൊണ്ട് പേരു നഷ്ടപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചോയെന്നും സുമിത്ര ചോദിക്കുന്നു.

‘തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയായ ഗണേശ്കുമാര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ നിയമസഭയുടെ പവിത്രത ഇല്ലാതാകുകയാണ്. ദിലീപ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഗണേശ് നിയമസഭയിലെ ശൂന്യവേളയിലെങ്കിലും വിഷയം ഉന്നയിക്കണമായിരുന്നു.’

ദിലീപിന് സംസ്ഥാനപുരസ്‌കാരം നേടിക്കൊടുത്ത വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയം അത്ര മികച്ചതല്ലായിരുന്നെന്ന് ഫാന്‍സുകാര്‍ പോലും സമ്മതിക്കുമെന്നും സുമിത്ര പറയുന്നു. ദിലീപിന് അവാര്‍ഡ് ലഭിക്കുമ്പോള്‍ ഗണേശായിരുന്നു സാസ്‌കാരികമന്ത്രി.


Also Read: ‘ദിലീപിന്റെ ഔദാര്യം പറ്റിയ ആളെന്നതിലുപരി ഗണേശ് കുമാര്‍ ഒരു എം.എല്‍.എയാണ്’; ഗണേശിന്റെ പ്രസ്താവന ഞെട്ടിച്ചെന്ന് സജിത മഠത്തില്‍


നേരത്തെ ദിലീപിന്റെ ഔദാര്യം പറ്റിയവരെല്ലാം ദിലീപിനെ ആപത്തുസമയത്ത് പിന്തുണയ്ക്കണമെന്ന് ഗണേശ്കുമാര്‍ പറഞ്ഞിരുന്നു. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചശേഷമായിരുന്നു എം.എല്‍.എയുടെ പ്രസ്താവന.

വിഷയത്തില്‍ സൂപ്പര്‍താരങ്ങളുടെ മൗനത്തേയും സുമിത്ര വിമര്‍ശിക്കുന്നു. ‘പതിവുപോലെ മൗനത്തിലാണ് മഹാനടന്‍മാര്‍. വല്‍മീകം ഭേദിച്ച് പുറത്തു വരട്ടെ മഹാകാവ്യങ്ങള്‍’ എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

അതേസമയം ഇന്നലെയും ഇന്നുമായി ജയിലില്‍ ദിലീപിന് സന്ദര്‍ശനപ്രവാഹമാണ്. ജയറാമിനെയും ഗണേശ്കുമാറിനെയും കൂടാതെ ആന്റണി പെരുമ്പാവൂര്‍, ബെന്നി.പി. നായരമ്പലം, തുടങ്ങിയവരും ദിലീപിനെ സന്ദര്‍ശിച്ചു. നാളെ അച്ഛന്റെ ശ്രാദ്ധത്തിനുപോകാന്‍ കോടതി ദിലീപിന് അനുമതി നല്‍കിയിട്ടുണ്ട്.