ദീലീപിന്റെ നൂറാമത്തെ ചിത്രം കാര്യസ്ഥന്‍ ഇന്ന് തിയ്യേറ്ററുകളിലെത്തും. കോമഡിക്ക് പ്രാധാന്യം നല്‍കി ചെയ്ത ഈ ചിത്രത്തില്‍ പുതുമുഖം അഖിലയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

1992 ല്‍ കമലിന്റെ അസിസ്റ്റന്റായി ജോലിചെയ്യുന്ന സമയത്ത് തെലുങ്കുനടന്‍ ചക്രവര്‍ത്തി നായകനായ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ചലച്ചിത്രലോകത്ത് കാലെടുത്തു വയ്ക്കുന്നത്. ചക്രവര്‍ത്തിയുടെ സഹായി ആയിട്ടായിരുന്നു ദിലീപിന്റെ രംഗപ്രവേശം. എന്നാല്‍ അവിടെ നിന്നും ഒരുപാട് കഴിയേണ്ടി വന്നു ദിലീപിന് നായകനാകാന്‍. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലാഥണ് ദിലീപ് ആദ്യമായി നായക വേഷത്തിലെത്തിയത്. ഖുശ്ബു ആയിരുന്നു നായിക. ചിത്രത്തില്‍ ദിലീപ് എന്ന മിമിക്രിക്കാരനായി ദിലീപ് തിളങ്ങി.

എന്നാല്‍ ദിലീപിന്റെ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം ആയിരുന്നു. പിന്നീട് വന്ന ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപ് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി.

കോമഡിയ്‌ക്കൊപ്പം ആക്ഷനും പാട്ടിനും ഡാന്‍സിനും പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ തോംസണാണ്. മലയാളത്തിലെ നംബര്‍ വണ്‍ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി ടീമിന്റെ ഒട്ടേറെ സിനിമകളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച തോംസണ്‍ സിബി.കെ തോമസിന്റെ സഹോദരനാണ്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ അനീറ്റ നിര്‍മിക്കുന്ന ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ജഗതി ശ്രീകുമാര്‍, സ്ദ്ദിഖ്, ബിജു മേനോന്‍, ജനര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ, ഗണേഷ് കുമാര്‍, ബാബു രാജ്, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓം ശൈലിയില്‍ ടിനി ടോം, അര്‍ച്ചന, രസ്‌ന, ബീന ആന്റണി, നിഷ, യദു കൃഷ്ണന്‍, കവിരാജ്, കൃഷ്ണ പ്രസാദ് തുടങ്ങിയ മിനിസ്‌ക്രീന്‍ താരങ്ങള്‍ അണിനിരക്കുന്ന ഗാനം കാര്യസ്ഥന്റെ ഹൈലൈറ്റുകളിലൊന്നായിരുന്നു.