കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കേസില്‍ ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചു. ദിലീപിനെ രാവിലെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പതിനാലു ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

ഇന്നലെയാണ് ദിലീപിനെ അറസ്റ്റു ചെയ്തത്. രാവിലെയോടെ കസ്റ്റഡിയിലെടുത്ത ദിലീപിനെ പത്തുമണിക്കൂറോളം ചോദ്യം ചെയ്തശേഷം ഒടുവില്‍ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

നടിയ്‌ക്കെതിരായ ആക്രമണത്തിനു പിന്നിലുള്ള ഗൂഢാലോചനയുമായി നേരിട്ട് പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.

പുലര്‍ച്ചെ ആറുമണിയോടെയാണ് ദിലീപിനെ ആലുവ പൊലീസ് ക്ലബില്‍ നിന്ന് മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് എത്തിച്ചത്. കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയ മജിസ്‌ട്രേറ്റ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ പ്രത്യേകം സെല്ലില്‍ പാര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മറ്റു തടവുകാര്‍ക്കു നല്‍കുന്ന അതേ സൗകര്യങ്ങള്‍ മാത്രമേ ദിലീപിനു നല്‍കൂവെന്നും പ്രത്യേക പരിഗണന നല്‍കില്ലെന്നും ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ ദിലീപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്.


Also Read:  ‘മലപ്പുറത്ത് മാത്രമാണ് പച്ചമലയാളിയെ കാണാന്‍ കഴിയുക’; കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചാല്‍ എന്തു സംഭവിക്കുമെന്ന് മലപ്പുറത്ത് സേവനമനുഷ്ഠിച്ച സേതുരാമന്‍ ഐ.പി.എസ് പറയുന്നു


അതിനിടെ ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാംകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു നാളെ കോടതി പരിഗണിക്കും.

ഏറെ ചര്‍ച്ചയായ കേസില്‍ നാലരമാസം പിന്നിടുമ്പോഴാണ് ദിലീപ് അറസ്റ്റിലായിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതുമുതല്‍ ദിലീപ് സംശയത്തിന്റെ നിഴലിലായിരുന്നു. സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു ദിലീപ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.