അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. ദുബായിലേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ കോടതിയിലെത്തിയപ്പോഴായിരുന്നു താരം അന്വേഷണസംഘത്തിനെതിരെ ഹര്‍ജി നല്‍കിയത്.


Also Read: ചട്ടം ലംഘിച്ച് സംഭാവന; ആം ആദ്മി പാര്‍ട്ടി 30 കോടി നികുതിയടക്കണമെന്ന് ആദായനികുതി വകുപ്പ്


നടിയെ അക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പ്രതികള്‍ക്കെതിരെ കഴിഞ്ഞദിവസമായിരുന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കോടതിയില്‍ എത്തും മുമ്പേ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു.

ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് വാങ്ങാനെത്തിയ താരം കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

തന്റെ സ്ഥാപനമായ ‘ദേ പുട്ടിന്റെ’ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാനാണ് ഹൈക്കോടതി താരത്തിനു അനുമതി നല്‍കിയത്. ആറ് ദിവസത്തേക്കാണ് ഹൈക്കോടതി പാസ്പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്. ദുബായിലെ കരാമയില്‍ 29നാണ് ദിലീപിന്റെ ദേ പുട്ടിന്റെ ഉദ്ഘാടനം നിശ്ചയിക്കുന്നത്.


Dont Miss: ശ്രീലങ്കയെ തകര്‍ത്ത് ചരിത്ര വിജയവുമായി ഇന്ത്യ ; ലങ്കയെ തോല്‍പ്പിച്ചത് ഇന്നിങ്സിനും 239 റണ്‍സിനും


ദിലീപിന്റെ സുഹൃത്തും പാര്‍ട്ണറുമായ നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിനകം താരം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ദുബായില്‍ താമസിക്കുന്നതെവിടെ, ആരെയൊക്കെയാണ് കാണുന്നത്, എന്തൊക്കെയാണ് കാര്യപരിപാടികള്‍ തുടങ്ങിയവയും താരം പൊലീസിനെ അറിയിച്ചിട്ടുണ്ട്.