എഡിറ്റര്‍
എഡിറ്റര്‍
നടന്‍ ദിലീപ് ഡി.ജി.പിക്ക് പരാതി നല്‍കി
എഡിറ്റര്‍
Friday 24th February 2017 1:08pm

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ പേര് വലിച്ചിഴച്ച സംഭവത്തില്‍ നടന്‍ ദിലീപ് പരാതി നല്‍കി. ഡി.ജി.പിക്കാണ് പരാതി നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാപകമായ ദുഷ്പ്രചരണം ഉണ്ടായെന്ന് പരാതിയില്‍ ദീലീപ് പറയുന്നു. ഇത് തന്നെ അപമാനിക്കാനാണെന്നും ദിലീപ് പരാതിയില്‍ പറയുന്നു.

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരുപ്രമുഖ നടന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് ദീലീപ് ആണ് എന്നുമുള്ള തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ചോദ്യം ചെയ്തുവെന്ന പ്രചാരണം ശരിയല്ല. ഫോണില്‍ പോലും പൊലീസ് ബന്ധപ്പെട്ടിട്ടില്ല. യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദീലീപ് പറഞ്ഞിരുന്നു.

എന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാര്‍ത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാര്‍ത്ത പടച്ചു വിട്ടവരാണ്. കുടുംബബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് താനെന്നും ദിലീപ് പറഞ്ഞിരുന്നു.

അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യന്‍. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത് പോലെ ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരേണ്ടതും യഥാര്‍ഥ കുറ്റവാളികള്‍ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണ്.

സമീപകാലത്തു മലയാള സിനിമയെ ഗ്രസിച്ച, ഈ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ, എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ആവശ്യപ്രകാരവും സിനിമ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിര്‍ബന്ധപ്രകാരം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തത് ഈ വ്യവസായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ആളെന്ന നിലയില്‍ അതെന്റെ കടമയാണെന്ന് കരുതിയാണ്. അതിന്റെ പേരില്‍ ‘ചിലര്‍’ എന്നെ ക്രൂശിക്കുകയാണ്.- ഇതായിരുന്നു ദീലീപിന്റെ വാക്കുകള്‍.

മലയാള സിനിമയില്‍ ഒരിക്കലും സംഭവക്കില്ല എന്നു കരുതിയതാണ് തന്റെ സഹപ്രവര്‍ത്തകയായ നടിക്കു നേരിടേണ്ടിവന്നതെന്നും പ്രതികളെ എത്രയും വേഗം നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement