കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ സുഖവാസമെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍.

ദിലീപ് രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലില്‍ എത്തുന്നതെന്നും ബാക്കി സമയമെല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് കഴിയുന്നതെന്നും ജയില്‍ പ്രത്യേക ഭക്ഷണമാണ് ദിലീപിനായി എത്തിക്കുന്നതെന്നും സഹതടവുകാരനായിരുന്ന സനൂപ് വെളിപ്പെടുത്തുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് സനൂപിന്റെ വെളിപ്പെടുത്തല്‍.


Dont Miss മെഡിക്കല്‍ കോളേജ് അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനായി അക്രമമുണ്ടാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഭയില്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി


ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ജയില്‍ അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

ദിലീപിന് ജയിലില്‍ ഒരുവിധ പ്രത്യേക സൗകര്യവും ചെയ്തുകൊടുത്തിട്ടില്ലെന്ന് ജയില്‍ എ.ഡി.ജി.പി ആര്‍ ശ്രീലേഖ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹതടവുകാരനായിരുന്നു പുറത്തിറങ്ങിയ ആളുടെ വെളിപ്പെടുത്തല്‍.

രാത്രി കിടക്കാന്‍ മാത്രമാണ് ദിലീപ് സെല്ലില്‍ എത്തുന്നതെന്ന് സനൂപ് പറയുന്നു. രാവിലെ എല്ലാവരെയും സെല്ലിനു പുറത്തിറക്കുന്ന സമയമായാല്‍ പിന്നെ ദിലീപിനെ കാണില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് ദിലീപ് കഴിയുന്നത്. അവിടത്തെ ബാത്ത് റൂമും മറ്റു സൗകര്യങ്ങളുമൊക്കെയാണ് ഉപയോഗിക്കുന്നത്.

ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണമാണ് ദിലീപിനു നല്‍കുന്നത്. രാത്രി മാത്രം സെല്ലില്‍ തിരിച്ചെത്തുന്ന ദിലീപ് മറ്റു തടവുകാരോടൊപ്പം ഭക്ഷണം കഴിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്യുന്നില്ലെന്നും സനൂപ് പറഞ്ഞു. ദിലീപിന് തൊട്ടടുത്ത സെല്ലിലായിരുന്നു താനെന്നും സനൂപ് പറയുന്നു.

സഹതടവുകാര്‍ക്ക് ഇതെല്ലാം അറിയാം. മര്‍ദ്ദനം ഭയന്നാണ് ആരുമൊന്നും പറയാത്തത്. കോടതിയിലക്കു കൊണ്ടുപോവുമ്പോഴോ മറ്റെവിടെയെങ്കിലുമോ ഇതു പറഞ്ഞാല്‍ തിരിച്ചെത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ കൊടുംമര്‍ദനത്തിന് ഇരയാവേണ്ടിവരും. ജയിലിനുളളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും സനൂപ് വ്യക്തമാക്കുന്നു.

ജയിലില്‍ കഴിയുന്നയാളെ അടുത്ത ബന്ധുക്കള്‍ക്കു മാത്രം കാണാന്‍ അനുവാദമുള്ളപ്പോള്‍ ആലുവയിലെ ഒരു വ്യവസായി ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. വ്യവസായി എത്തിയ ദിവസം ഞായറാഴ്ചയായിട്ടും ജയില്‍ സൂപ്രണ്ട് ജയിലില്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ വിഐപി തടവുകാരന്‍ ജയിലില്‍ ഉള്ളതിനാലാണ് ഞായറാഴ്ച ഡ്യൂട്ടിക്കെത്തിയത് എന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.

അതേസമയം റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ ദിലീപിനെ വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ഹാജരാക്കല്‍.

കഴിഞ്ഞ തവണയും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.