എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന് ജാമ്യമില്ല
എഡിറ്റര്‍
Monday 24th July 2017 10:31am

 

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഡാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ വ്യാഴാഴ്ച വാദം പൂര്‍ത്തിയായിരുന്നു.തുടര്‍ന്ന് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് കോടതി വ്യക്തമാക്കി.

കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്നും ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്.

പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്. ഗൂഢാലോചനയുടെ ‘കിംഗ് പിന്‍’ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. അതിനാല്‍ത്തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ അത് ബാധിക്കുമെന്നും ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണെന്നും ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ കെ രാംകുമാര്‍ പറഞ്ഞു. കേസില്‍ ഗൂഢാലോചന നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതി സുനില്‍കുമാറുമായി കൂടിക്കാഴ്ച നടത്തിയതുകൊണ്ടു മാത്രം അത് കേസിലെ ഗൂഢാലോചനയാകില്ല. കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ. പൊലീസ് പറയുന്ന ഗൂഢാലോചനകള്‍ക്കൊന്നും തെളിവില്ല. പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാനാവുന്ന തെളിവല്ല. സുനിയും ദിലീപും തമ്മില്‍ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാന്‍ സാക്ഷികളില്ലെന്നും രാംകുമാര്‍ വാദിച്ചു. അന്വേഷണവുമായി എപ്പോള്‍ വേണമെങ്കിലും ദിലീപ് സഹകരിക്കുമെന്നും ദിലീപിന് പൂര്‍ത്തിയാക്കാന്‍ ഒട്ടേറെ സിനിമകളുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.
അതേസമയം ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള അങ്കമാലി കോടതിയുടെ പരാമര്‍ശത്തേയും ഹൈക്കോടതി വിമര്‍ശിച്ചു. അങ്കമാലി കോടതിയുടെ പരാമര്‍ശം നേരെത്തെയായിപ്പോയെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം തള്ളിയത് സമൂഹത്തിന് പാഠം എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

അതേസമയം കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലും കോടതി വാദം കേള്‍ക്കും. 2011ല്‍ മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുനിയുടെ കസ്റ്റഡി കാലവധി ഇന്നലെ അവസാനിച്ചിരുന്നു.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒളിവില്‍ കഴിയുന്ന അപ്പുണ്ണിക്കായി പൊലീസ് പരിശോധന ഊര്‍ജിതമാക്കിയെങ്കിലും ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.


Dont Miss സ്റ്റേഷനില്‍ വെച്ച് അവന്റെ മുഖത്തടിക്കാന്‍ അവന്‍ എന്നോട് പറഞ്ഞിരുന്നു; പക്ഷേ ഞാനത് ചെയ്തില്ല; പൊലീസിന്റെ തന്ത്രമായിരുന്നു അത്; വിനായകന്റെ അച്ഛന്റെ പ്രതികരണം


 

Advertisement