കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കൂകിവിളിക്കുന്നത് ഒരു പണിയുമില്ലാതെ നടക്കുന്ന ചിലരാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാം കുമാര്‍.

ദിലീപിനെ പോലൊരു പ്രശസ്തനായ സിനിമാതാരം ഇതുപോലൊരു അവസ്ഥയില്‍ എത്തുമ്പോള്‍ അനുകൂലിക്കാനും പ്രതികൂലിക്കാനും ഇവിടെ ആളുകള്‍ ഉണ്ടാകുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ല.


Dont Miss ബംഗാളിലെ സ്ത്രീകള്‍ക്ക് 15 ദിവസത്തിനപ്പുറം ബലാത്സംഗത്തെ അതിജീവിക്കാന്‍ കഴിയില്ലെന്ന പ്രസ്താവന; ബി.ജെ.പി നേതാവ് രൂപാ ഗാംഗുലിക്കെതിരെ കേസെടുത്തു


എന്നാല്‍ ഒരാള്‍ കോടതിയില്‍ എത്തുമ്പോള്‍ അയാള്‍ എന്തോ കുറ്റം ചെയ്തെന്ന മട്ടില്‍ കുക്കി വിളിക്കുന്നത് അവരുടെ സംസ്‌ക്കാര ശൂന്യതയെയാണ് കാണിക്കുന്നത്. മാത്രമല്ല. ഒരു തൊഴിലുമില്ലാത്ത ഇത്രയും ആളുകള്‍ കേരളത്തിലുണ്ടെന്ന കാര്യവും ഇതിലൂടെ വ്യക്തമാണെന്നും രാം കുമാര്‍ പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദിലീപിനെ എത്തിക്കുന്ന എല്ലാ സ്ഥലത്തും ഈ കൂവലുകള്‍ കേള്‍ക്കുകയാണ്. രാവിലെ 11 മണിക്ക് കോടതിയില്‍ വരുമ്പോഴും അത് കഴിഞ്ഞു തിരിച്ചുകൊണ്ടുപോകുമ്പോഴും ഇവരിങ്ങനെ കൂവിക്കൊണ്ടിരിക്കുകയാണ്. അതിനര്‍ത്ഥം യാതൊരു ജോലിയുമില്ലാത്ത കുറെ ചെറുപ്പക്കാര്‍ നമ്മുടെ കേരളത്തിലുണ്ടല്ലോ എന്നതാണ്. ഇത്തരക്കാരുടെ ദുര്‍ഗതി ഓര്‍ത്ത് വാസ്തവത്തില്‍ സങ്കടം തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ജനങ്ങളില്‍ നിന്നും ഉണ്ടായത്. പല സന്ദര്‍ഭത്തിലും ആളുകള്‍ കൂവിവിളിച്ചുകൊണ്ടായിരുന്നു ദിലീപിനെ വരവേറ്റത്. ഈ സാഹചര്യത്തിലായിരുന്നു അഭിഭാഷകന്റെ പ്രതികരണം. അങ്കമാലി കോടതിയില്‍ ദിലീപിനായി വാദിക്കാന്‍ എത്തിയപ്പോള്‍ രാംകുമാറിനെയും ആളുകള്‍ കൂകിവിളിച്ചിരുന്നു.