എഡിറ്റര്‍
എഡിറ്റര്‍
വനിതാദിനത്തില്‍ മോഡിയോട് ഭാര്യയെ ബഹുമാനിക്കാന്‍ ദ്വിഗ് വിജയ് സിങ്
എഡിറ്റര്‍
Sunday 9th March 2014 7:48am

digvijay

ന്യൂദല്‍ഹി: വനിതാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുക്കവേ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്.

മോഡി ഭാര്യയെ ബഹുമാനിക്കാന്‍ ശീലിക്കണമെന്ന് പരിപാടിയില്‍ പ്രസംഗിക്കവേ ദ്വിഗ് വിജയ് സിങ് പറഞ്ഞു. മോഡി സ്ത്രീകളെ ബഹുമാനിക്കണം. ഭാര്യയുടെ പേര് ചോദിക്കുന്ന കളങ്ങള്‍ ശൂന്യമാക്കിയിടുന്നതെന്തിനാണ്. അല്ലെങ്കില്‍ വിവാഹിതനല്ല എന്ന് തുറന്നു പറയണം.

സ്വന്തം ഭാര്യയെ ബഹുമാനിക്കാനറിയാത്ത ഒരാളെങ്ങനെയാണ് രാജ്യത്തുള്ള സ്ത്രീകളെ ബഹുമാനിക്കുന്നത്- സിങ് പറഞ്ഞു.

മോഡിയുടെ ഭാര്യയാണെന്ന് പറയപ്പെടുന്ന യശോദാബെന്‍ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെന്നും മോഡി ഇത്ര വലിയ നിലയിലെത്തിയിട്ടും അവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഒരു ബംഗ്ലാവ് ഒരുക്കി കൊടുക്കാത്തത് കഷ്ടമാണെന്നും സിങ് അഭിപ്രായപ്പെട്ടു.

നേരത്തേ മോഡിയുടെ ഭാര്യയാണെന്ന വാദത്തില്‍ യശോദാബെന്‍ രംഗത്തു വന്നിരുന്നു. പതിനേഴാം വയസില്‍ മോഡി തന്നെ വിവാഹം ചെയ്തുവെന്നും പഠനം പൂര്‍ത്തിയാക്കാനായി മൂന്നു മാസത്തിനു ശേഷം സ്വന്തം വീട്ടിലേക്കു പോന്നതില്‍ പിന്നെ മോഡി തന്നെ കാണാന്‍ വന്നിട്ടില്ലെന്നും യശോദാബെന്‍ പറഞ്ഞിരുന്നു.

പല തവണ മോഡിയുടെ വീട്ടിലേയ്ക്ക് താന്‍ പോയെങ്കിലും മോഡി അവിടെ വരാത്തതിനാല്‍ തിരികെ സ്വന്തം വീട്ടിലേക്ക് തന്നെ പോരുകയായിരുന്നു. മോഡിയുടെ ഉയര്‍ച്ച മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടായിരുന്നു. ഇനി മോഡിയുടെ ജീവിതത്തിലേക്ക് താന്‍ ക്ഷണിക്കപ്പെടുകയില്ല എന്നാണ് കരുതുന്നത്.- തുടങ്ങിയ കാര്യങ്ങളെല്ലാം യശോദാ ബെന്‍ പറഞ്ഞിരുന്നു.

എന്നാല്‍ മോഡി ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കണമെന്നും സംരക്ഷിക്കണമെന്നും കാണിച്ചാണ് മോഡിയുടെ ഏറ്റവും പുതിയ പരസ്യമിറങ്ങിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മോഡിയെ വിമര്‍ശിച്ച് ദ്വിഗ്‌വിജയ് സിങ് രംഗത്തെത്തിയിരിക്കുന്നത്.

Advertisement