ന്യൂദല്‍ഹി; 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പുതിയ പ്രസ്താവനയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് രംഗത്ത്. കൊല്ലപ്പെടുന്നതിന് രണ്ടുമണിക്കൂറുകള്‍ക്ക് മുമ്പ് ഹേമന്ത് കാര്‍ക്കറെ തന്നെ വിളിച്ചിരുന്നതായും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നതായും ദിഗ്‌വിജയ് സിംഗ് വെളിപ്പെടുത്തി.

മലേഗാവ് സ്‌ഫോടനത്തില്‍ താന്‍ നടത്തിയ അന്വേഷണങ്ങള്‍ ചില ഹിന്ദുസംഘടനകളെ പ്രകോപിച്ചിരുന്നു. ഇവര്‍ തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉയര്‍ത്തിയിരുന്നതായും കാര്‍ക്കറെ വ്യക്തമാക്കിയിരുന്നു.

മലേഗാവ് സ്‌ഫോടനത്തിനെക്കുറിച്ചുള്ള അന്വേഷണത്തിലുടനീളം കാര്‍ക്കറെയ്ക്ക് ഹിന്ദു സംഘടനകളില്‍ നിന്നും വിമര്‍ശനമേല്‍ക്കേണ്ടി വന്നു. ഇത്തരം സംഘടനകളെ അനുകൂലിക്കുന്ന പത്രങ്ങള്‍ ദിനംപ്രതി കാര്‍ക്കറെക്കെതിരായ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. ഇതെല്ലാം കാര്‍ക്കറയെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ മുബൈ ഭീകരാക്രമണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടത് യാദൃശ്ചികമായിരിക്കാമെന്നും എല്ലാ സാധ്യതകളും അന്വേഷിക്കണമെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

എന്നാല്‍ അഴിമതിയാരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിതെന്ന് ബി ജെ പി ആരോപിച്ചു. മാധ്യമശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ നീക്കമാണിതെന്നും ബി ജെ പി പ്രതികരിച്ചു. എന്നാല്‍ ഹേമന്ത് കാര്‍ക്കറെയുടെ മരണത്തെ ഹിന്ദു ഭീകരതയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ഭാര്യ കവിതാ കാര്‍ക്കറെ വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ക്കരെയുടെ കൊലപാതകത്തിന് മലെഗാവ് അന്വേഷണവുമായി ബന്ധമുണ്ടെന്ന് നേരത്തെ ന്യൂനപക്ഷ ക്ഷേമമന്ത്രി എ.ആര്‍ ആന്തുലെ പറഞ്ഞത് വിവാദമായിരുന്നു. ആന്തുല പാര്‍ലിമെന്റില്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടുവെങ്കിലും ആന്തുലെ രാജിവെക്കുകയായിരുന്നു.