ലഖ്‌നൗ: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സുരേഷ് കല്‍മാഡി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായ കല്‍മാഡിക്കെതിരേ സി ബി ഐയുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ കല്‍മാഡി രാജിവെച്ചേ മതിയാകൂ എന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും കല്‍മാഡിയുടെ രാജിക്ക് മുറവിളിയുണ്ടാകുന്നത്.

രാജ്യത്തിന് അപമാനമുണ്ടാക്കുന്ന ഒരുകാര്യവും നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും ദിഗ്‌വിജയ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോമണ്‍വെല്‍ത്ത് വിഷയത്തില്‍ തനിക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്-ഡി എം കെ എം പിമാര്‍ക്ക് കല്‍മാഡി കത്തയച്ചതും വിവാദമായിരിക്കുകയാണ്. ക്വീന്‍സ് ബാറ്റണ്‍ റിലേക്ക് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം എ കാര്‍സ് ആന്‍ഡ് ഫിലിംസ് കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ തനിക്ക്പങ്കില്ലെന്ന് കത്തില്‍ കല്‍മാഡി പറയുന്നുണ്ട്.

അതിനിടെ ഗെയിംസിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് കേന്ദ്രകായിക മന്ത്രി എം എസ് ഗില്‍ ഇന്ന് മറുപടി പറയും. ഗെയിംസിന്റെ ഒരുക്കങ്ങളില്‍ തകരാറ് സംഭവിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യമനുസരിച്ച് മുന്നോട്ടു പോവുകയേ പോംവഴിയുള്ളൂ എന്നും നേരത്തേ ഗില്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.