ബ്യൂണസ് അയേര്‍സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നോട് നീതികാട്ടിയില്ലെന്ന് ടീം മുന്‍കോച്ച് ഡീഗോ മറഡോണ. ദേശീയടീം കോച്ച് സ്ഥാനത്തുനിന്നും നീക്കിയതിനെതിരേയാണ് മറഡോണ രംഗത്തെത്തിയിരിക്കുന്നത്.

ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി കര്‍ലോസ് ബില്ലാര്‍ഡോയും പ്രസിഡന്റ് ജൂലിയോ ഗോര്‍നോഡോയും നീതികേടാണ് കാട്ടിയത്. ടീമിന്റെ തോല്‍വിയില്‍ ദുഖിച്ചിരിക്കുമ്പോഴും ബില്ലാര്‍ഡോ തനിക്കെതിരേ നടപടിയെടുക്കുന്നതിലാണ് ആഹ്ലാദിക്കുന്നത്. ബില്ലാര്‍ഡോയും ഗോര്‍നോഡോയും തമ്മില്‍ നടത്തിയ നാടകമാണിത്- രോഷാകുലനായ മറഡോണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ജര്‍മനിയോട് 4-0 ന് തോറ്റശേഷവും രാജകീയ വരവേല്‍പ്പാണ് അവര്‍ക്ക് നാട്ടില്‍ ലഭിച്ചത്. മറഡോണ കോച്ചായി തുടരുമെന്ന് എല്ലാവരും കരുതുകയും ചെയ്തു. എന്നാല്‍ തന്റെ കൂടെയുള്ളവരെയെല്ലാം ടീമിനോടൊപ്പം നിലനിര്‍ത്തണമെന്ന മറഡോണയുടെ വാദം അസോസിയേഷന്‍ തള്ളുകയായിരുന്നു.