മിര്‍പൂര്‍: ഷേറി ബംഗ്ലാ സ്റ്റേഡിയത്തില്‍ റണ്‍റേറ്റ് തടയുകയെന്നത് നിസാരകാര്യമല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ഏഷ്യാകപ്പിലെ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാമതായി ബൗള്‍ ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. എത്രനന്നായി പന്തെറിഞ്ഞാലും അതൊക്കെ അനായാസമായി റണ്‍ നേടാന്‍ സഹായിക്കുന്ന രീതിയിലുള്ളതായി മാറും. വിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റണ്‍റേറ്റ് കുത്തനെ ഉയരും. മഹേള ജയവര്‍ദ്ധനയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഞാന്‍ കുറച്ച് അസ്വസ്ഥനായിരുന്നു. ഒരുവേള മത്സരം തന്നെ കൈവിട്ടുപോകുമെന്ന് തോന്നി. എന്നാല്‍ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കാന്‍ കഴിഞ്ഞത് കളിയില്‍ നിര്‍ണായകമായി.

അവസാന 15 ഓവറില്‍ ഏഴു വിക്കറ്റ് എന്ന നിലയില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 109 റണ്‍സ് മതിയായിരുന്നു. എന്നാല്‍ പവര്‍ പ്ലേയിലെ ആദ്യ ഓവര്‍ എറിഞ്ഞ അശ്വിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്താനുള്ള സംഗക്കാരയുടെ ശ്രമം രവീന്ദ്ര ജഡേജയുടെ കൈകളില്‍ ഒതുങ്ങിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്.

ഈ ഓവറിലെ അഞ്ചാമത്തെ പന്തില്‍ തിരിമന്നെയും പുറത്താക്കാന്‍ കഴിഞ്ഞത് കളി ഞങ്ങളുടെ വരുതിയില്‍ വരുത്താന്‍ കഴിഞ്ഞു.  39ാം ഓവറിലെ മൂന്നും നാലും പന്തുകളില്‍ കുലശേഖരയെയും കപ്പുഗേദരയെയും പുറത്താക്കിയ വിനയ്കുമാറിന് എല്ലാവരും ഒരു ഹാട്രിക് പ്രതീക്ഷിച്ചിരുന്നു.

ടീമിലെ ടോപ്പ് ഓര്‍ഡര്‍ ബാറ്റ്്‌സ്മാന്‍മാരൊക്കെ ഇന്നലെ മികച്ച ഫോമിലായിരുന്നു. ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയുമാണ് ഒരുതരത്തില്‍ കളി ടീമിന് അനുകൂലമാക്കിയത്.-ധോണി വ്യക്തമാക്കി.

ശ്രീലങ്കയെ തകര്‍ക്കാനുള്ള ആത്മവിശ്വാസം എങ്ങനെ വന്നു എന്ന ചോദ്യത്തിന് ധോണിയുടെ മറുപടി ഇതായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഞങ്ങള്‍ക്ക് നിര്‍ണായകമായ ഒരു മത്സരം മാത്രമാണ് നഷ്ടമായത്. എന്നാല്‍ മലിംഗയേയും മാത്യൂസും ഇല്ലാതെയാണ് കളിച്ചത്. അത് അവര്‍ക്ക് ക്ഷീണമായി.

Malayalam news

Kerala news in English