കൊച്ചി: പ്രതിരോധ ആയുധക്കരാര്‍ അഴിമതിയിലെ മുഖ്യ ഇടനിലക്കാരി സുബി മാലി സി.ബി.ഐ.ക്ക് മുന്നില്‍ ഹാജരായി. കേസിലെ മൂന്നാംപ്രതി യാണ് മുംബൈ സ്വദേശിയായ ഇവര്‍. സി.ബി.ഐ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Ads By Google

മുംബൈയില്‍ സി.ബി.ഐ സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ നടപടികള്‍ക്കായാണ് ഇവരോട് കൊച്ചിയില്‍ എത്താന്‍ നിര്‍ദേശിച്ചത്. ഇന്നലെ എത്തണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ ഇന്നലെ എത്തിയിരുന്നില്ല.

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സുബി ഇംപെക്‌സ് എന്ന സ്ഥാപനമുടമയാണിവര്‍. തൃശൂര്‍ അത്താണിയിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഫോര്‍ജിങ് ലിമിറ്റഡിലെ റെയ്ഡുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

ഇടപാടില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ പറ്റിയെന്ന പരാതിയില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ എസ് ഷാനവാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ വത്സന്‍, ഇടനിലക്കാരി സുബി മാലി എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തത്.

അത്താണിയിലെ എസ്.ഐ.എഫ്.എല്‍ ഓഫീസ്, ഷാനവാസിന്റെ കരുനാഗപ്പിള്ളി, തിരുവനന്തപുരം, ആലുവ, തൃശൂര്‍ എന്നിവിടങ്ങളിലെ വീടുകള്‍, വത്സന്റെ തൃശൂര്‍ വിയ്യൂരിലെ വീട് എന്നിവിടങ്ങളില്‍ സി.ബി.ഐ ഓഫീസര്‍മാര്‍ പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജനുവരിയില്‍ നടത്തിയ ഒരു ഇടപാടില്‍ മാത്രം 57 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധവകുപ്പിനുവേണ്ടി  ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് ഗുണനിലവാരമില്ലാത്ത ഉരുക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് ചെന്നൈ ആവഡി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ആയുധ നിര്‍മാണ കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

പ്രതിരോധവകുപ്പിന് നഷ്ടപ്പെട്ട തുകയുടെ നല്ലൊരുഭാഗം കമീഷനായി ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് എം.ഡിയേയും ഡെപ്യൂട്ടി ജനറല്‍മാനേജരേയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.